ലോകത്തിലെ ഏറ്റവും ചെറിയ കുഞ്ഞായി ജനിച്ച സെയ്ബി അഞ്ചുമാസത്തെ തീവ്രപരിചരണത്തിനുശേഷം ആശുപത്രിവിട്ടു. ജനിച്ചപ്പോൾ ഒരു ആപ്പിളിന്റെ പോലും ഭാരമില്ലാതിരുന്ന കുഞ്ഞ് ജീവിക്കില്ലെന്നാണ് ഡോക്ടർമാർ കരുതിയത്.
ഡിസംബറിൽ സാൻ ഡിയേഗോയിലെ ആശുപത്രിയിലായിരുന്നു ജനനം. ഗർഭാവസ്ഥയിൽ 23 ആഴ്ച പൂർത്തിയാക്കിയപ്പോൾ സീസേറിയൻ നടത്തി പുറത്തെടുത്ത കുഞ്ഞിന്റെ ഭാരം 245 ഗ്രാം. വലിപ്പം 23 സെന്റിമീറ്റർ.
കുഞ്ഞ് ഒരു മണിക്കൂർ മാത്രമേ ജീവിച്ചിരിക്കാൻ സാധ്യതയുള്ളൂവെന്നാണ് ഡോക്ടർമാർ സെ്ബിയുടെ അച്ഛനോടു പറഞ്ഞത്. പക്ഷേ, ഒന്നും രണ്ടും മണിക്കൂറും ദിവസങ്ങളും ആഴ്ചകളും പിന്നിട്ടിട്ടും സെയ്ബി മരണത്തിനു കീഴ്പെട്ടില്ല.
സെയ്ബിയുടെ കുടുംബാംഗങ്ങൾ തങ്ങളുടെ പേരുവിവരങ്ങൾ പുറത്തുവിടാൻ താത്പര്യപ്പെടുന്നില്ല. ആശുപത്രിയിലെ നഴ്സുമാരാണ് കുഞ്ഞിന് ഈ പേരിട്ടത്.