കൂടുമ്പോൾ ഇന്പമുള്ളതാകണം കുടുംബം എന്നാണ് പറയുന്നത്. പക്ഷെ പലർക്കും ഇന്നും കുടുംബജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്ന് അറിയില്ല. ഫലമോ, വിവാഹമോചന കേസുകൾ വർദ്ധിക്കുന്നു.
എന്നാൽ ഇതിനെല്ലാം ഒരു അപവാദമാണ് മിസോറാമിലുള്ള സയോണ ചാന എന്ന അറുപത്താറുകാരൻ. കാരണം മുപ്പത്തിയൊൻപത് കെട്ടിയ സയോണ അവരെയെല്ലാം ഒരുകൂരക്കീഴിൽ ഒരുമിച്ച് കൊണ്ടുപോകുന്നുവെന്നതുതന്നെ. പതിനേഴാമത്തെ വയസിലായിരുന്നു ആദ്യവിവാഹം.
പിന്നീട് അങ്ങോട്ട് വിവാഹങ്ങളുടെ കാലമായിരുന്നു. ഒരു വർഷം 10 വിവാഹം വരെ സയോണ ചെയ്തിട്ടുണ്ട്. 39 ഭാര്യമാരിലായി 94 മക്കളും അവർക്കെല്ലാർക്കുമായി 33 പേരക്കുട്ടികളുമാണ് ഉള്ളത്. മിസോറാമിലെ ബാക്തവാങ് ഗ്രാമത്തിൽ ഒരു നാലുനിലക്കെട്ടിടത്തിൽ ഈ ഭീമൻ കുടുംബം ഒരുമിച്ച് താമസിക്കുന്നു.
നൂറുമുറികളാണ് സയോണയുടെ വീട്ടിലുള്ളത്. ഇതിൽ സയോണയ്ക്ക് സ്വന്തമായി ഒരു സ്വകാര്യ മുറിയുണ്ട്. ഭാര്യമാരെല്ലാം അതിനോടു ചേർന്നുള്ള ഒരു വലിയ മുറിയിൽ താമസിക്കുന്നു. ഏറ്റവും പ്രായം കുറഞ്ഞ ഭാര്യയാണ് സയോണയുടെ മുറിയുടെ ഏറ്റവും അടുത്ത് താമസിക്കുന്നത്.
പ്രായം കൂടും തോറും സയോണയുടെ മുറിയിൽ നിന്നുള്ള അകലവും കൂടും. അകലം കൂടിയാലും സയോണയുടെ സ്നേഹം ഒട്ടും കുറയില്ല. ഭാര്യമാർക്കെല്ലാം ഊഴമനുസരിച്ച് സയോണയ്ക്കൊപ്പം മുറിയിൽ താമസിക്കാം. സയോണയാണ് കുടുംബത്തിലെ പ്രധാന ആൾ.
അതിനാൽ ഞങ്ങളെല്ലാവരും അദേഹത്തിന് ചുറ്റും താമസിക്കുന്നു എന്നാണ് ഇതിനെക്കുറിച്ച് മൂപ്പത്തഞ്ചുകാരിയായ റിങ്ക്മിനിപറയുന്നത്. ഒരു ദിവസം ഗ്രാമത്തിൽ കൂടി നടക്കാനിറങ്ങിയ സയോണ റിങ്ക്മിനിനെ കണ്ടു, തുടർന്ന് വിവാഹം കഴിക്കുകയായിരുന്നത്രേ.
പരസ്പര സ്നേഹവും ബഹുമാനവുമാണ് തങ്ങളുടെ ജീവിതത്തിന്റെ അടിസ്ഥാനം- സയോണയുടെ മറ്റൊരു ഭാര്യ ഹുന്തർഹങ്കി ആ രഹസ്യം വെളിപ്പെടുത്തി. മക്കളും മരുമക്കളും അവരുടെ കുട്ടികളും മറ്റു പലമുറികളിലായി താമസിക്കുന്നു.
പക്ഷേ ഈ വീട്ടിൽ ഒരു അടുക്കളമാത്രമേയുള്ളു. പാചക ജോലികളെല്ലാം ഭാര്യമാർ ചെയ്യണം. സയോണിന്റെ ആദ്യ ഭാര്യ സത്നാഗിയുടെ നേതൃത്വത്തിലാണ് അടുക്കള ജോലികൾ. അലക്കലും അടിച്ചുവാരലുമല്ലാം പെണ്മക്കളാണ് ചെയ്യേണ്ടത്.
ആണുങ്ങൾക്ക് വയലിലെ പണിയും കാലിമേയ്ക്കലുമാണ് ഡ്യൂട്ടി. 167 പേർക്കായി ദിവസം 30 കോഴിയും 91കിലോ അരിയും, 59 കിലോ ഉരുളക്കിഴങ്ങും ഒരു ദിവസം പാകം ചെയ്യണം.
എല്ലാവർക്കും ഭക്ഷിക്കാനുള്ളതെല്ലാം ചാനയും മക്കളുംകൂടി പാടത്ത് വിളയിക്കുന്നുണ്ട്. ചിലപ്പോൾ സയോണയുടെ കഴിവിനെ ആരാധിക്കുന്ന ചിലർ വലിയ തുക സംഭാവന നൽകുകയും ചെയ്യും.
തന്നെ നോക്കാനും തനിക്ക് നോക്കാനും ഇത്രയേറെ വലിയൊരു കുടുംബമുള്ളതിൽ അഹ്ലാദവാനാണ് സയോണ. കുടുംബത്തിലെ അംഗസംഖ്യ കൂട്ടാൻ ഇനിയും കെട്ടാനും ഇദ്ദേഹം തയ്യാറാണ്. ചാനയെന്ന മതവിഭാഗത്തിൽപ്പെട്ടതാണ് സയോണ.
ഇതിന്റെ തലവനും സയോണയാണ്. ഇവരുടെ ആചാരമനുസരിച്ച് എത്രവിവാഹം വേണമെങ്കിലും ആവാം. നാനൂറിലധികം അംഗങ്ങളുണ്ട് ചാന മതത്തിൽ.