ഭൂരിഭാഗം നടിമാരും വിവാഹത്തോടെ സിനിമാരംഗം വിടുന്നവരാണ്. അവരില്‍നിന്നു വ്യത്യസ്തയാണ് സയേഷ സൈഗാള്‍. വിവാഹശേഷവും സിനിമയിൽ തുടർന്ന സയേഷ പ്രസവശേഷവും അധികം വൈകാതെതന്നെ സെറ്റിലേക്ക് തിരികെ എത്തി. തെന്നിന്ത്യ ൻ നടൻ ആര്യയാണ് സയേഷയുടെ ഭർത്താവ്.
ഫിറ്റ്നസിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറാകാത്ത താരമാണ് സയേഷ. പ്രസവശേഷം 25 കിലോയോളമാണ് സയേഷ കുറച്ചത്. ഇപ്പോഴിതാ തന്റെ വെയ്റ്റ് ലോസ് ജേര്‍ണി പങ്കുവയ്ക്കുകയാണ് സയേഷ.
അഭിനയത്തിലെന്നതുപോലെ തന്നെ സോഷ്യല്‍ മീഡിയയിലും സജീവമാണ് സയേഷ. സ്വന്തമായൊരു യുട്യൂബ് ചാനലുമുണ്ട് താരത്തിന്. ഈ ചാനലിലൂടെയാണ് കഴിഞ്ഞ ദിവസം താന്‍ വണ്ണം കുറച്ചത് എങ്ങനെയെന്ന് സയേഷ ആരാധകരുമായി പങ്കുവച്ചത്.
എങ്ങനെയാണ് വണ്ണം കുറച്ചതെന്ന് എന്നോട് പലരും ചോദിച്ചിട്ടുണ്ട്. അവര്‍ക്കെല്ലാമുള്ള മറുപടിയാണ് എന്റെ വീഡിയോ. ഗര്‍ഭിണിയാകുമ്പോള്‍ എന്റെ ഭാരം 65 കിലോയായിരുന്നു.
പ്രസവ സമയം ആയപ്പോഴേക്കും 85 കിലോയോളം എത്തി. 25 കിലോയോളാണ് ഇങ്ങനെ കൂടിയത്. മകള്‍ക്ക് ജന്മം നല്കിയ ശേഷം വണ്ണം കുറക്കുക ഏറെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു.
ഒറ്റരാത്രി കൊണ്ടല്ല 25 കുറച്ച് പഴയ അവസ്ഥയിലേക്ക് എത്തിയത്. പ്രസവശേഷം തടി കുറയ്ക്കുക എന്നത് സമയമെടുക്കുന്ന കാര്യമാണ്. ജിമ്മില്‍ പോകാനും വര്‍ക്കൗട്ട് തുടങ്ങാനും രണ്ട് വര്‍ഷം എടുത്തു.
ആ സമയത്ത് ശരീരത്തിന്റെ ശക്തി കുറഞ്ഞിരിക്കുകയാണ്. അത് വീണ്ടെടുക്കാന്‍ സമയം വേണം. അതിനാല്‍ എന്റെ യാത്ര സുരക്ഷിതവും പതുക്കെയുമായിരുന്നു. ഈ സമയത്ത് താന്‍ കഴിച്ചിരുന്നത് കലോറി കുറഞ്ഞ ഭക്ഷണമായിരുന്നു.
പത്ത് തല എന്ന ചിത്രത്തിലേത് ഐറ്റം സോംഗ് ആയതിനാല്‍ ഭാരം കുറയ്ക്കുന്നതോര്ത്ത് എനിക്ക് ആശങ്കയുണ്ടായിരുന്നു. അതിനാല്‍ ചിത്രീകരണത്തിന്റെ ഒരു മാസം മുമ്പ് ഡയറ്റ് കര്‍ശനമാക്കി.
വര്‍ക്കൗട്ടും ആരംഭിച്ചു. അമ്മയും ഭര്‍ത്താവ് ആര്യയും കൂടെതന്നെയുണ്ടായിരുന്നു. എങ്കിലും കുഞ്ഞിന്റെ ഉത്തരവാദിത്തം പൂര്‍ണമായും എന്റേതായിരുന്നു.
രാത്രി മകള്‍ ഉറങ്ങിയശേഷമായിരുന്നു മിക്കപ്പോഴും വര്‍ക്കൗട്ട് ചെയ്തിരുന്നത്. രാത്രി പത്തരയ്ക്കുശേഷം ഒരു മണിക്കൂറോളം വര്‍ക്കൗട്ട് ചെയ്യുമായിരുന്നു.
പിന്നീടാണ് ഭക്ഷണം കഴിക്കുന്നത്. ഒരു മാസം രാത്രിയും പകലുമില്ലാതെ കഷ്ടപ്പെട്ടു. ഒടുവില്‍ അതിന്റെ ഫലം കിട്ടി, 25 കിലോ കുറച്ചു- സയേഷ പറയുന്നു.