മുംബൈ: അക്കൗണ്ടുകളിൽ മിനിമം ബാലൻസ് ഇല്ലെങ്കിൽ പിഴ ഈടാക്കുമെന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനത്തിനെതിരേ വ്യാപക പ്രതിഷേധമുയരുന്ന സാഹചര്യത്തിൽ വിശദീകരണവുമായി എസ്ബിഐ രംഗത്തെത്തി. വളരെയധികമുള്ള ജൻ ധൻ അക്കൗണ്ടുകൾ നിയന്ത്രിക്കുന്നതിന് ബാങ്കിന് വലിയ പണച്ചെലവുണ്ട്. ഇത് നികത്താൻ പണം ആവശ്യമാണ്.
അതിനാലാണ് പുതിയ നിബന്ധനകൾ കൊണ്ടുവരാൻ ബാങ്ക് നിർബന്ധിതമാകുന്നതെന്ന് ഇന്നലെ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന പിഴയും മറ്റും പിൻവലിക്കണമെന്ന് സർക്കാരിൽനിന്ന് ഔദ്യോഗിക നിർദേശങ്ങളൊന്നും ലഭിച്ചിട്ടില്ല. ജൻ ധൻ അക്കൗണ്ടുകൾക്ക് പിഴ ബാധകവുമല്ലെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു.
കഴിഞ്ഞയാഴ്ചയാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ മിനിമം ബാലസ് ഇല്ലാത്ത അക്കൗണ്ടുകളിൽനിന്നും പിഴ ഈടാക്കുമെന്ന് പ്രഖ്യാപിച്ചത്. ഒപ്പം ഇടപാടുകളുടെ സേവനനിരക്കുകളും പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. ഏപ്രിൽ ഒന്നു മുതൽ പുതിയ തീരുമാനങ്ങൾ പ്രാബല്യത്തിൽ വരും.