മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ധനകാര്യ സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അറ്റാദായത്തിൽ വർധന. മാർച്ച് 31നവസാനിച്ച ത്രൈമാസത്തിൽ ലാഭം 2,815 കോടി രൂപയായി. തലേ വർഷം ഇതേ കാലയളവിലേക്കാളും ഇരട്ടിയിലധികമാണിത്. 2016 മാർച്ച് 31നവസാനിച്ച ത്രൈമാസത്തിൽ 1,264 കോടി രൂപയായിരുന്നു ലാഭം.
വരുമാനം 7.8 ശതമാനം ഉയർന്ന് 57,720 കോടി രൂപയായി. തലേ വർഷം ഇതേ കാലയളവിൽ 53,526.97 കോടി രൂപയായിരുന്നു വരുമാനം. എസ്ബിഐയുടെ സബ്സിഡിയറികളിൽനിന്നുള്ള വിഹിതം ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.
ബാങ്കിന്റെ മൊത്തം അറ്റാദായം നാലാം ത്രൈമാസത്തിൽ 98 ശതമാനം കുറഞ്ഞ് 241.23 കോടി രൂപയായി. തലേ വർഷം 12,224.59 കോടി രൂപയായിരുന്നു. അതേസമയം, കിട്ടാക്കടം 6.9 ശതമാനമായി ഉയർന്നു. 2016 മാർച്ചിൽ 6.5 ശതമാനമായിരുന്നു കിട്ടാക്കടം. നിഷ്ക്രിയ ആസ്തി 3.81 ശതമാനത്തിൽനിന്ന് 3.71 ശതമാനമായി താഴ്ന്നു.
2016-17 സാന്പത്തികവർഷത്തെ അറ്റാദായം 5.36 ശതമാനം ഉയർന്ന് 10,484 കോടിയായി. തൊട്ടു തലേ സാന്പത്തികവർഷത്തിൽ 9,951 കോടി രൂപയായിരുന്നു അറ്റാദായം. വരുമാനം 9.2 ശതമാനം ഉയർന്ന് 2,98,640.45 കോടി രൂപയായി. 2015-16ൽ 2,73,461.13 കോടി രൂപയായിരുന്നു.
നല്ല റിസൾട്ട് രേഖപ്പെടുത്തിയതോടെ എസ്ബിഐയുടെ ഓഹരിമൂല്യം 1.29 ശതമാനം വർധിച്ച് 306.85 രൂപയായി.