മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് ആയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) നിക്ഷേപ പലിശനിരക്ക് വീണ്ടും കുറച്ചു. റിസർവ് ബാങ്ക് പണനയം പ്രഖ്യാപിക്കുന്നതിനു തലേന്നായിരുന്നു ഈ അറിയിപ്പ്. ഒക്ടോബർ ഒന്നു മുതലുള്ള പലിശനിരക്കാണ് കുറച്ചത്. ഒരു കോടിയിൽ താഴെയുള്ളതും ഒരുവർഷംവരെ കാലാവധിയുള്ളതുമായ സ്ഥിരനിക്ഷേപങ്ങൾക്കു പലിശ കാൽ ശതമാനം കുറച്ച് 6.5 ശതമാനമാക്കി.
ഇതോടെ ആറുമാസത്തിനുള്ളിൽ നിക്ഷേപങ്ങളുടെ പലിശയിൽ വന്ന കുറവ് 0.50 ശതമാനമായി. ഏപ്രിൽ 29നു പലിശനിരക്ക് ഏഴിൽനിന്ന് 6.9 ശതമാനമായും ജൂലൈ ഒന്നിന് 6.75 ശതമാനമായും കുറച്ചിരുന്നു.
ഒരുവർഷത്തിനു മുകളിൽ 455 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് ഏപ്രിൽ 29ന് 6.9 ശതമാനമായും ജൂലൈ ഒന്നിന് 6.5 ശതമാനമായും പലിശ കുറച്ചിരുന്നു. 455 ദിവസത്തിനു മുകളിൽ രണ്ടുവർഷംവരെയുള്ളതിനു ജൂലൈ ഒന്നിനു പലിശ 6.5 ശതമാനമായി കുറച്ചിരുന്നു.
എസ്ബിഐയുടെ മാതൃകയിൽ മറ്റു ചില പൊതുമേഖലാ ബാങ്കുകളും സ്ഥിരനിക്ഷേപങ്ങൾക്കു പലിശ കുറച്ചിട്ടുണ്ട്. രാജ്യത്ത് വിലക്കയറ്റത്തോത് കുറഞ്ഞതാണ് നിക്ഷേപ പലിശ കുറയ്ക്കാൻ ബാങ്കുകൾ പറയുന്ന ന്യായം. എന്നാൽ വായ്പാ പലിശയിൽ ഇതേ അനുപാതത്തിൽ കുറവുവരുന്നില്ല.
പലിശവരുമാനത്തെ ആശ്രയിച്ചു കഴിയുന്ന വൃദ്ധർക്കും മറ്റും വലിയ വരുമാന നഷ്ടമാണ് ഇതുവഴിയുണ്ടാകുന്നത്. 60 വയസിനു മുകളിലുള്ളവർക്ക് അരശതമാനം അധികപലിശയുണ്ട്.