കൊച്ചി: മറ്റൊരാളുടെ അക്കൗണ്ടിൽ പണം നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ടു നടപ്പാക്കിയ പുതിയ പരിഷ്കാരം ബേനാമി ഇടപാടുകൾ തടയാൻ ഉതകുന്നതാണെന്നു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. അക്കൗണ്ട് ഉടമയുടെ സമ്മതമില്ലാതെ ഒഴുകുന്ന കോടികൾ ഇതോടെ ഇല്ലാതാകുമെന്നാണു കരുതുന്നതെന്നും ഉപയോക്താക്കൾക്കു യാതൊരു വിധത്തിലുള്ള പ്രയാസങ്ങൾ നേരിടേണ്ടിവരില്ലെന്നും എസ്ബിഐ അധികൃതർ പറയുന്നു.
പണം അടയ്ക്കുന്ന ആൾക്ക് എസ്ബിഐ അക്കൗണ്ടില്ലെങ്കിൽ സ്ലിപ്പിൽ പണം സ്വീകരിക്കുന്നയാളുടെ ഒപ്പോ, സമ്മതപത്രമോ ആവശ്യമാണെന്നതാണു പുതിയ പരിഷ്കാരം. കഴിഞ്ഞ ജൂലൈ മുതലാണു പുതിയ പരിഷ്കാരം എസ്ബിഐ നടപ്പാക്കിയത്.
മുന്പു മറ്റൊരാളുടെ അക്കൗണ്ടിൽ 50,000 രൂപയ്ക്കു മുകളിൽ പണം നിക്ഷേപിക്കുന്നതിനു പണം നിക്ഷേപിക്കുന്നയാളുടെ പാൻ കാർഡും ഏതെങ്കിലും അഡ്രസ് പ്രൂഫും ഹാജരാക്കേണ്ടിയിരുന്നു. കുറഞ്ഞ തുകയാണെങ്കിൽ പണം നിക്ഷേപിക്കുന്നയാളുടെ ഒപ്പും നിർബന്ധമായിരുന്നു.
പുതിയ പരിഷ്കാരം വന്നതോടെ ഇത്തരത്തിലുള്ള രേഖകളൊന്നും നൽകേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു. നോട്ട് നിരോധനത്തിനുശേഷം അതുവരെ ഉപയോഗിക്കാതിരുന്ന അക്കൗണ്ടുകളിലേക്കു കോടിക്കണക്കിനു രൂപയാണ് എത്തിയത്. പരിശോധനകളിൽ പണം ആര് നിക്ഷേപിച്ചുവെന്ന വ്യക്തമായ മറുപടി നൽകാൻ പല അക്കൗണ്ട് ഉടമകൾക്കും സാധിച്ചിരുന്നില്ല. ഇത് അന്വേഷണ ഏജൻസികളെയും വലച്ചിരുന്നു.
പുതിയ പരിഷ്കാരം വന്നതോടെ പണത്തിന്റ ഉറവിടം കൃത്യമായി മനസിലാക്കാൻ സാധിക്കുമെന്നും അതല്ലാതെ പണം നിക്ഷേപിക്കലുമായി ബന്ധപ്പെട്ടു മറ്റു തടസങ്ങളൊന്നുമില്ലെന്നും പല സ്വകാര്യ ബാങ്കുകളും നേരത്തേതന്നെ ഇത്തരത്തിലുള്ള പരിഷ്കാരങ്ങൾ നടപ്പാക്കിയിരുന്നതായും എസ്ബിഐ അധികൃതർ വ്യക്തമാക്കി.
റോബിൻ ജോർജ്