പ്രബൽ ഭരതൻ
കോഴിക്കോട്: ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ)യിൽ പുതിയ അക്കൗണ്ട് തുറക്കണമെങ്കിൽ സ്മാർട്ട് ഫോൺ നിർബന്ധം. പുതിയ അക്കൗണ്ടിനായി എസ്ബിഐയുടെ ഏത് ശാഖയിൽ പോയാലും ഇനി അപേക്ഷ ഫോം ലഭിക്കില്ല. പകരം എസ്ബിഐയുടെ യോനോ ആപ്പ് വഴി അപേക്ഷ സമർപ്പിക്കാനാണ് ഉദ്യോഗസ്ഥർ നിർദേശം നൽകുക.
സ്മാർട്ട് ഫോണിൽ യോനോ ആപ് ഡൗൺലോഡ് ചെയ്ത ശേഷം തങ്ങളുടെ വിവരങ്ങൾ എല്ലാം അതിൽ ചേർത്ത് ആധാർ കാർഡുമായി ലിങ്ക് ചെയ്താൽ മാത്രമേ പുതിയ അക്കൗണ്ട് തുറക്കാൻ സാധിക്കുകയുള്ളൂ. എന്നാൽ സ്മാർട്ട് ഫോൺ ഇല്ലാത്തവർക്കും സാങ്കേതിക വിദ്യയിൽ അത്ര വിദഗ്ധരല്ലാത്ത പ്രായമായവർക്കും അക്കൗണ്ട് തുറക്കണമെങ്കിൽ തൊട്ടടുത്ത അക്ഷയ കേന്ദ്രത്തെ ആശ്രയിക്കണം.
പ്രായമായവർക്ക് പഴയ മാതൃകയിലുള്ള അപേക്ഷ ഫോം നൽകുമെന്ന് ജീവനക്കാർ പറയുന്നുണ്ടെങ്കിലും പരമാവധി ഓൺലൈൻ വഴി തന്നെ അപേക്ഷ പൂരിപ്പിക്കാനാണ് ജീവനക്കാർ ശ്രമിക്കാറുള്ളത്. പുതിയ അക്കൗണ്ട് തുറക്കാൻ യുവാക്കളാണ് എത്തുന്നതെങ്കിൽ അപേക്ഷ ഫോം ജീവനക്കാർ നൽകില്ല.
ഓൺലൈൻ വഴി തന്നെ അപേക്ഷ നൽകണമെന്നാണ് ജീവനക്കാർ നിർദേശിക്കാറുള്ളത്. എസ്ബിഐ യോനോ ആപ് എന്ന ആപ് തങ്ങളുടെ ഫോണിൽ ഇല്ലെന്ന് പറഞ്ഞാൽ ആദ്യം അത് ഡൗൺലോഡ് ചെയ്യാനാണ് ഉദ്യോഗസ്ഥർ പറയുക. തുടർന്ന് ആധാർ കാർഡുമായി ലിങ്ക് ചെയ്ത ശേഷം മാത്രമേ പുതിയ അക്കൗണ്ട് തുറക്കാൻ സാധിക്കുകയുള്ളൂ.
എന്നാൽ ഒരു ഉപഭോക്താവിനെ സംബന്ധിച്ചടുത്തോളം പ്രശ്നം അവിടെയും തീരുന്നില്ല. ആധാർ കാർഡിൽ ലിങ്ക് ചെയ്ത ഫോൺ നന്പർ ഇപ്പോൾ ഉപയോഗത്തിലില്ലെങ്കിൽ അപേക്ഷ ഫോം സമർപ്പിക്കാൻ സാധിക്കില്ല. പിന്നീട് വീണ്ടും അക്ഷയ കേന്ദ്രത്തിൽ പോയി ആധാറിൽ തിരുത്തൽ വരുത്തിയതിന് ശേഷം നാല് ദിവസം കഴിഞ്ഞ് വേണം ബാങ്കിൽ അക്കൗണ്ട് തുറക്കാനുള്ള അപേക്ഷ സമർപ്പിക്കാൻ. എന്നാൽ ഓൺലൈൻ വഴിയുള്ള അപേക്ഷ ഉപഭോക്താക്കൾക്ക് ഗുണം ചെയ്യുന്നതാണെന്ന് ഒരു വിഭാഗം ജീവനക്കാർ പറയുന്നു.
ബാങ്കിൽ പേപ്പർ ജോലി കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പഴയ അപേക്ഷ ഫോമുകൾ ഒഴിവാക്കുന്നതെന്ന് ബാങ്ക് അധികൃതരും പറയുന്നു. എന്നാൽ ബാങ്ക് ജീവനക്കാരുടെ ജോലി എളുപ്പമാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം നടപടിയെന്ന് ജനങ്ങൾ കുറ്റപ്പെടുത്തുന്നുമുണ്ട്.
എസ്ബിഐയുടെ പരിഷ്ക്കാരം ജനങ്ങൾക്ക് കൂടുതൽ പ്രയോജനകരമാകുമെന്ന് ജീവനക്കാർ പറയുന്നുണ്ടെങ്കിലും സാങ്കേതിക വിദ്യയിൽ നരക്ഷരരായ ഉപഭോക്താക്കളെ സഹായിക്കാൻ ഇവർ പലപ്പോഴും തയ്യാറാകാറുമില്ല. താരതമ്യേന തിരക്കുള്ള ശാഖകളിൽ ഒരാൾ അക്കൗണ്ട് തുറക്കാനായി എത്തിയാൽ ഓൺലൈൻ വഴി അപേക്ഷിക്കേണ്ട രീതികളെ കുറിച്ച് ജീവനക്കാർ വിശദമായി ഒന്നും പറയാറില്ലെന്ന് ജനങ്ങൾ കുറ്റപ്പെടുത്തുന്നുണ്ട്.