പ്രളയക്കെടുതിയില്‍ മനസ്സലിഞ്ഞ് എസ്ബിഐ ! മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ പണം നിക്ഷേപിക്കുന്നതിന് ഫീസ് ഈടാക്കില്ല; കേരളവുമായി ബന്ധപ്പെട്ടു നടക്കുന്ന എല്ലാ പണമിടപാടുകള്‍ക്കും ഇളവ്…

തിരുവനന്തപുരം: പ്രളയദുരന്തം കണക്കിലെടുത്ത് കേരളത്തോട് മനസ്സലിവ് കാണിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ). കേരളവുമായി ബന്ധപ്പെട്ട് നടക്കുന്ന പണമിടപാടുകള്‍ക്ക് എസ്ബിഐ ഇളവുകള്‍ പ്രഖ്യാപിച്ചു.മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേയ്ക്കുളള സംഭാവനകള്‍ നല്‍കുന്നതിനുളള ഫീസും ഒഴിവാക്കിയിട്ടുണ്ട്. ദുരന്തബാധിതര്‍ക്ക് പോയിന്റ് ഓഫ് സെയില്‍ മെഷീന്‍ വഴി ദിവസവും 2000 രൂപ വരെ പിന്‍വലിക്കാന്‍ അനുവദിക്കുമെന്ന് എസ്ബിഐ അറിയിച്ചു.

നിലവിലെ വായ്പകളുടെ തിരിച്ചടവു വൈകിയാലുളള പിഴ തുക ഒഴിവാക്കി. ഡ്യൂപ്ലിക്കേറ്റ് പാസ്ബുക്ക്, എടിഎം കാര്‍ഡ്, ചെക്ക് ബുക്ക് എന്നിവയ്ക്കുള്ള ചാര്‍ജും ഒഴിവാക്കിയതായി എസ്ബിഐ അറിയിച്ചു.

നഷ്ടങ്ങളില്‍ നിന്നു കരകയറുന്നതിനുള്ള വായ്പകള്‍ക്ക് എസ്ബിഐ പ്രോസസിങ് ഫീസ് ഈടാക്കില്ല. തിരിച്ചറിയല്‍ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് എസ്ബിഐ ശാഖയില്‍ ഫോട്ടോ മാത്രം നല്‍കി അക്കൗണ്ട് ആരംഭിക്കാം. ഫോട്ടോയ്‌ക്കൊപ്പം വിരലടയാളമോ, ഒപ്പോ ഉപയോഗിച്ച് അക്കൗണ്ടുകള്‍ ആരംഭിക്കാം എന്നാണ് എസ്ബിഐ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കിയത്.

വ്യക്തിഗത വായ്പകള്‍ക്ക് (പേഴ്‌സണല്‍ ലോണ്‍) യോഗ്യതയുളളവര്‍ക്ക് വേഗം വായ്പ അനുവദിക്കും. ദുരിത ബാധിതരായവരില്‍ നിന്നും മിനിമം ബാലന്‍സ് ഇല്ലെന്ന പേരില്‍ പിഴ ഈടാക്കില്ല. ഈടാക്കിയാല്‍ തിരികെ നല്‍കും. ഇതിനായി ദുരിത ബാധിതനാണെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ കത്ത് നല്‍കിയാല്‍ മതി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എസ്ബിഐ രണ്ടു കോടി രൂപയാണ് സംഭാവന നല്‍കിയത്. ഇതിനു പുറമെ 2.7 ലക്ഷം ജീവനക്കാരില്‍നിന്നും പിന്തുണ തേടിയിട്ടുണ്ട്. ജീവനക്കാരില്‍ നിന്നും ലഭിക്കുന്ന തുകയ്ക്ക് തുല്യമായ തുക എസ്ബിഐയും നല്‍കും അതും സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കുമെന്ന് എസ്ബിഐ അറിയിച്ചു.

പ്രളയം കാരണം പ്രവര്‍ത്തന രഹിതമായ എടിഎമ്മുകളും ശാഖകളും എത്രയും വേഗം തുറക്കുന്നതിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ടെന്നും അവര്‍ അറിയിച്ചു. നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കുളള സംഭാവനകളുടെ ഫീസ് ഒഴിവാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു ഒരാഴ്ചയ്ക്ക് മുമ്പ് തന്നെ ദുരന്തത്തിന്റെ വ്യാപ്തി ശ്രദ്ധയില്‍പ്പെടുത്തിയിട്ടും എസ്ബിഐ നടപടി സ്വീകരിക്കാതിരുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ദുരിതാശ്വാസ നിധിയിലേയ്ക്കുളള തുക ട്രഷറി വഴി നല്‍കാന്‍ സംവിധാനം ഒരുക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് എസ്ബിഐ ഫീസ് ഈടാക്കുന്നത് ഒഴിവാക്കി ഉത്തരവിറക്കിയത്. എന്തായാലും പ്രളയക്കെടുതിയില്‍ ജനങ്ങള്‍ക്ക് ആശ്വാസമാകുന്നതാണ് എസ്ബിഐയുടെ ഈ തീരുമാനം.

Related posts