സര്‍വീസ് ചാര്‍ജ് വഴി ഉപഭോക്താവിനെ വീണ്ടും കൊളളയടിക്കാനൊരുങ്ങി എസ്ബിഐ. ജൂണ്‍ ഒന്നുമുതല്‍ ഓരോ എടിഎം ഇടപാടുകള്‍ക്കും ഇരുപത്തഞ്ച് രൂപ വീതം സര്‍വീസ് ചാര്‍ജ് ഈടാക്കാനാണ് എസ്ബിഐയുടെ പുതിയ തീരുമാനം. എടിഎമ്മില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതോടെ നിലവില്‍ എടിഎം വഴി ലഭിച്ചിരുന്ന സൗജന്യ ഇടപാടുകള്‍ ഇല്ലാതാകും. ജൂണ്‍ ഒന്നുമുതല്‍ എസ്ബിഐ നടപ്പിലാക്കുന്ന സര്‍വീസ് ചാര്‍ജുകള്‍ ഇപ്രകാരമാണെന്നാണ് ലഭിക്കുന്ന വിവരം. മുഷിഞ്ഞ നോട്ടുകള്‍ ഒരു പരിധിയില്‍ അധികം മാറ്റിയെടുക്കാനും സര്‍വീസ് ചാര്‍ജ് ഈടാക്കും.
5,000 രൂപ വരെയുളള 20 മുഷിഞ്ഞ നോട്ടുകള്‍ വരെ മാറ്റിയെടുക്കാന്‍ സര്‍വീസ് ചാര്‍ജ് വേണ്ട. 20ല്‍ അധികം നോട്ടുകള്‍ ഉണ്ടെങ്കില്‍ ഓരോ നോട്ടിനും രണ്ടുരൂപയും സേവനനികുതിയും കൊടുക്കേണ്ടി വരും. 5,000 രൂപയില്‍ കൂടുതലാണെങ്കില്‍ ഓരോ നോട്ടിനും രണ്ടുരൂപയും സേവന നികുതി അല്ലെങ്കില്‍ 1,000 രൂപയ്ക്ക് അഞ്ച് രൂപയും സേവന നികുതി എന്നിവയില്‍ അധികം വരുന്നത് ഏതാണോ അതാണ് ഈടാക്കുക. അതായത് 500 രൂപയുടെ 25 മുഷിഞ്ഞ നോട്ട് മാറ്റണമെങ്കില്‍ നോട്ട് ഒന്നിന് രണ്ടുരൂപ കണക്കാക്കിയാല്‍ 50 രൂപ സേവനനികുതി വരും. എന്നാല്‍ 1,000 രൂപയ്ക്ക് അഞ്ചുരൂപ എന്ന കണക്കിലാണെങ്കില്‍ 62.50 രൂപയുമാണ് സേവന നികുതി.