മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഭവന വായ്പയ്ക്കും കാർ വായ്പയ്ക്കും പലിശ നാമമാത്രമായി കുറച്ചു. 0.05 ശതമാനം (ഒരു ശതമാനത്തിന്റെ 20-ൽ ഒന്ന്) ആണ് കുറവ്. ഇതു നവംബർ ഒന്നിനു പ്രാബല്യത്തിലായി. ഇതോടെ ഭവനവായ്പയുടെ താഴ്ന്ന സ്ലാബ് 8.3 ശതമാനമായി. ഇതുവരെ 8.35 ശതമാനമായിരുന്നു.
രാജ്യത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 30 ലക്ഷം രൂപവരെയുള്ള വായ്പകൾക്കാണിത്. ഇത്തരം വായ്പകൾക്കു പ്രധാനമന്ത്രി ആവാസ് യോജനയിൽനിന്ന് 2.67 ലക്ഷം രൂപയുടെ പലിശ സബ്സിഡിയും കിട്ടും. എസ്ബിഐ കാർ ലോൺ പലിശ 8.75-9.25 ശതമാനത്തിൽനിന്ന് 8.7-9.2 ശതമാനത്തിലേക്കു കുറച്ചു. സ്ഥിരനിക്ഷേപങ്ങൾക്കു പലിശ കാൽശതമാനം കുറച്ചതിനു തൊട്ടു പിന്നാലെയാണ് ഭവന-വാഹന വായ്പകളുടെ പലിശ 0.05 ശതമാനം കുറച്ചത്.