വിവാദ ഉത്തരവില്‍ വീണ്ടും തിരുത്തലുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. എടിഎമ്മുകളിലെ സൗജന്യ ഇടപാട് പത്തു തവണയായാണ് എസ്ബിഐ ഇക്കുറി ഉയര്‍ത്തിയിരിക്കുന്നത്. അതായത് അഞ്ചു തവണ എസ്ബിഐ എടിഎമ്മില്‍നിന്നും അഞ്ചുതവണ മറ്റ് ബാങ്കിന്റെ എടിഎമ്മുകളില്‍നിന്നും സൗജന്യമായി പണം പിന്‍വലിക്കാം. തുടര്‍ന്നുള്ള ഇടപാടുകള്‍ക്കു പണം നല്‍കണം. മെട്രോ നഗരങ്ങളില്‍ എട്ടു തവണയായി സൗജന്യ ഇടപാട് പരിമിതപ്പെടുത്തിയിട്ടുണ്ട്. മിനിമം ബാലന്‍സ് ആവശ്യമുള്ള സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകള്‍ക്കാണ് പുതിയ ആനുകൂല്യങ്ങള്‍ ലഭ്യമാകുക. മറ്റ് അക്കൗണ്ടുകള്‍ക്ക് നാല് ഇടപാടുകള്‍ മാത്രമായിരിക്കും സൗജന്യമെന്നും എസ്ബിഐ പുറത്തിറക്കിയ ഏറ്റവും പുതിയ പത്രക്കുറിപ്പില്‍ പറയുന്നു.
നേരത്തെ, എടിഎം സര്‍വീസുകള്‍ക്ക് ചാര്‍ജ് ഈടാക്കാനുള്ള സര്‍ക്കുലര്‍ പിന്‍വലിച്ച് എസ്ബിഐ ഉത്തരവിറക്കിയിരുന്നു. ജൂണ്‍ ഒന്നു മുതല്‍ സൗജന്യ എടിഎം സേവനം നിര്‍ത്തലാക്കി ഓരോ ഇടപാടിനും 25 രൂപ ഈടാക്കുമെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള വിവാദ ഉത്തരവാണ് പ്രതിഷേധത്തെ തുടര്‍ന്ന് എസ്ബിഐ പിന്‍വലിച്ചത്. പിന്നാലെ, മാസത്തില്‍ നാല് എടിഎം ഇടപാടുകള്‍ സൗജന്യമായിരിക്കുമെന്നു വ്യക്തമാക്കിക്കൊണ്ടുള്ള പുതിയ സര്‍ക്കുലര്‍ എസ്ബിഐ പുറത്തിറക്കി. നാല് സൗജന്യ ഇടപാടുകള്‍ക്കു ശേഷമുള്ള ഓരോ ഇടപാടിനും 25 രൂപ ഈടാക്കുമെന്ന് എസ്ബിഐ വ്യക്തമാക്കിയിട്ടുണ്ട്.
എടിഎം സര്‍വീസുകള്‍ക്ക് ചാര്‍ജ് ഈടാക്കാന്‍ നിര്‍ദേശിച്ചുള്ള എസ്ബിഐ സര്‍ക്കുലര്‍ നേരത്തെ ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. എസ്ബിഐ ബഡ്ഡി ഉപഭോക്താക്കള്‍ക്കു വേണ്ടി ഇറക്കിയ ഉത്തരവായിരുന്നു ഇതെന്നാണ് വിവാദമായതോടെ ബാങ്ക് വിശദീകരിച്ചത്. എസ്ബിഐയുടെ ഡിജിറ്റല്‍ വാലറ്റാണ് എസ്ബിഐ ബഡ്ഡി. ഇതോടൊപ്പം മുഷിഞ്ഞ നോട്ടുകള്‍ മാറ്റിവാങ്ങുന്നതിനും സര്‍വീസ് ചാര്‍ജ് ഈടാക്കുമെന്നു സര്‍ക്കുലറില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ ചാര്‍ജുകള്‍ പിന്‍വലിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ല.