വടക്കാഞ്ചേരി: അധിക പലിശ വാങ്ങിയതു എസ് ബിഐ ഉപഭോക്താവിനു തിരികെ നൽകണമെന്ന് സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിന്റെ വിധി. എസ്ബിഐയുടെ എളനാട് ശാഖയിൽനിന്ന് തൃക്കണായ മലയത്തു കൈപ്പുള്ളി ആനന്ദൻ – ശ്രീജ ദന്പതികൾ 13.3% പലിശക്ക് വാങ്ങിയ ഹൗസ് ലോണിന്റെ പലിശ നിരക്ക് 2013 ജൂണ്‍ മുതൽ 10.15 % ആയി കുറച്ചു കൊണ്ടുള്ള ഓർഡർ ഉണ്ടായിട്ടും ആ വിവരം വായ്പക്കാരെ അറിയിക്കാതെ കൂടിയ നിരക്കിലുള്ള പലിശ വർഷങ്ങളോളം ഈടാക്കിയ ബാങ്കിനെതിരെയാണു വിധി.
തൃശൂർ ജില്ല ഉപഭോക്തൃ നിയമ സഹായവേദി വൈസ് പ്രസിഡന്റ് അഡ്വ.പി.ആർ. വിജയകുമാർ മുഖേന തൃശൂർ ജില്ലാ ഫോറത്തിൽ നൽകിയ പരാതിയുടെ വിധിക്കെതിരെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ എളനാട് ശാഖ മാനേജർ സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ നൽകിയ അപ്പീൽ തള്ളിക്കൊണ്ട് ഫോറം മെന്പർ വി.വി. ജോസാണു വിധിപുറപ്പെടുവിച്ചത്.
വായ്പക്കാരായ ദന്പതികളിൽനിന്ന് അധികമായി വാങ്ങിയ 14,140 രൂപയും നഷ്ട പരിഹാരമായി 5,000 രൂപയും ഒരു മാസത്തിനകം നൽകണമെന്നാണു വിധി.