മിനിമം ബാലന്‍സ് നിലനിര്‍ത്താത്തിനെതുടര്‍ന്ന് എസ്ബിഐ റദ്ദാക്കിയത് 42 ലക്ഷം സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകള്‍! ഇനി പിഴ ഈടാക്കുന്നത് പുതിയ എടിഎം കാര്‍ഡ് ലഭിച്ചശേഷം പഴയ കാര്‍ഡ് കൊണ്ടുനടക്കുന്നവരില്‍ നിന്ന്

എസ്ബിഐയുടെ പിഴയീടാക്കല്‍ നടപടികള്‍ കൊള്ളസംഘത്തേക്കാള്‍ ഭീകരമാണെന്ന തരത്തില്‍ ഓരോ ദിവസവും റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കെയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 41.16 ലക്ഷം സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകള്‍ നിര്‍ത്തലാക്കിയതായുള്ള റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. മിനിമം ബാലന്‍സ് നിലനിര്‍ത്താത്തതിനെ തുടര്‍ന്നാണ് എസ്ബിഐ ലക്ഷക്കണക്കിന് അക്കൗണ്ടുകള്‍ പൂട്ടിയത്.

നേരത്തെ മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ ആളുകളില്‍ നിന്ന് വന്‍തുക പിഴ ഈടാക്കുന്നെന്ന് ആരോപണമുയര്‍ന്നതിനാല്‍ എസ്ബിഐ രണ്ട് മൂന്ന് ഘട്ടങ്ങളിലായി മിനിമം ബാലന്‍സ് തുക നിജപ്പെടുത്തിയിരുന്നു. ഇപ്പോള്‍ വിവരാവകാശ നിയപ്രകാരമാണ് നിര്‍ത്തലാക്കിയ അക്കൗണ്ട് വിവരം എസ്ബിഐ പുറത്തു വിട്ടിരിക്കുന്നത്.

അതേസമയം പുതിയ എ.ടി.എം. കാര്‍ഡ് ലഭിച്ചതിനുശേഷവും പഴയ കാര്‍ഡ് കൊണ്ടുനടക്കുന്നവരുടെ കൈയില്‍ നിന്നും ബാങ്ക് പിഴ ഈടാക്കുമെന്നാണ് പുറത്തുവരുന്ന മറ്റൊരു വിവരം. പൊതുമേഖലാ ബാങ്കുകളിലും സ്വകാര്യ ബാങ്കുകളിലും അക്കൗണ്ടുള്ളവര്‍ക്ക് ഇത് ബാധകമാണ്. പുതിയ എ.ടി.എം. കാര്‍ഡ് ലഭിക്കുമ്പോള്‍, പഴയത് ബാങ്കില്‍ നല്‍കുകയോ സ്വമേധയാ ബ്ലോക്ക് ചെയ്യുകയോ വേണം. ഇല്ലെങ്കില്‍ ഇത് പ്രവര്‍ത്തനസജ്ജമെന്നുകണ്ട് ബാങ്കുകള്‍ സേവനനിരക്ക് ഈടാക്കും.

കാലാവധി രേഖപ്പെടുത്തിയ കാര്‍ഡുകള്‍ കാലാവധിതീര്‍ന്ന് പുതുക്കിവരുമ്പോള്‍ മാത്രമാണ് പഴയ കാര്‍ഡ് ഉപയോഗശൂന്യമാകുക. അല്ലെങ്കില്‍ ഈ കാര്‍ഡിനും സാധാരണ ഈടാക്കുന്ന നിരക്കുകളെല്ലാം ബാധകമായിരിക്കും. ഇത്തരം പിഴയിനത്തില്‍ 150 രൂപ മുതല്‍ 500 രൂപവരെ ഈടാക്കുന്ന ബാങ്കുകളുണ്ട്.

 

 

 

 

Related posts