മുംബൈ: സീറോ ബാലൻസ് അക്കൗണ്ടുകൾ എന്ന പേരിൽ അറിയപ്പെടുന്ന ബേസിക്ക് സേവിംഗ്സ് ബാങ്ക് ഡിപ്പോസിറ്റ് അക്കൗണ്ട് (ബിഎസ്ബിഡി )ഉടമകൾക്കു നല്കിവരുന്ന ധനകാര്യ സേവനങ്ങൾക്കുള്ള ഫീസുകൾ പുതുക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.
ബിഎസ്ബിഡി അക്കൗണ്ടുകളിൽനിന്നുള്ള പ്രതിമാസ പണംപിൻവലിക്കലുകൾ നാലു പ്രാവശ്യത്തിൽ കൂടിയാൽ, അടുത്ത ഓരോ ഇടപാടിനും 15 രൂപയും ജിഎസ്ടിയും ഈടാക്കുമെന്ന് എസ്ബിഐ അറിയിച്ചു.
എസ്ബിഐ ബ്രാഞ്ചുകൾ, എസ്ബിഐ എടിഎം, മറ്റു ബാങ്കുകളുടെ എടിഎം എന്നിവയ്ക്കെല്ലാം പുതുക്കിയ നിരക്ക് ബാധകമാണ്.
ഒരു ധനകാര്യവർഷത്തിൽ 10 ചെക്ക് ലീഫിലെ ഇടപാടുകൾ സൗജന്യമായിരിക്കും. സൗജന്യപരിധി കടന്നുള്ള ആദ്യ 10 ലീഫ് ചെക്ക്ബുക്കിന് 40 രൂപയും ജിഎസ്ടിയും 25 ലീഫ് ചെക്ക്ബുക്കിന് 75 രൂപയും ജിഎസ്ടിയുമാണു പുതിയ നിരക്ക്. അടിയന്തര ചെക്ക് ബുക്കിന് 50 രൂപയും ജിഎസ്ടിയും ഈടാക്കും. മുതിർന്ന പൗരന്മാർ ചെക്ക് ഇടപാടുകൾക്കുള്ള ഫീസ് നൽകേണ്ടതില്ല. ജൂലൈ ഒന്ന് മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽവരുമെന്നും എസ്ബിഐ അറിയിച്ചു.