മുംബൈ: നിക്ഷേപപലിശയ്ക്കു പിന്നാലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) വായ്പാപലിശയും കൂട്ടി. രാജ്യത്തെ ഏറ്റവും വലിയ ബാങ്കിന്റെ ചുവടു പിടിച്ചു മറ്റു ബാങ്കുകളും ഈ ആഴ്ചകളിൽ പലിശനിരക്ക് കൂട്ടും. ഭവന -വാഹന – വിദ്യാഭ്യാസ വായ്പകൾക്കെല്ലാം പലിശ കൂടും.എസ്ബിഐയുടെ ഒരു വർഷ വായ്പാപലിശ 0.20 ശതമാനവും മൂന്നു വർഷ പലിശ 0.25 ശതമാനവും കൂട്ടി.
മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെൻഡിംഗ് റേറ്റ് (എംസിഎൽആർ) വച്ചാണ് ഇപ്പോൾ വായ്പകളുടെ പലിശ നിശ്ചയിക്കുന്നത്. ഇതുപ്രകാരം ആറു മാസ എംസിഎൽആർ 7.9ൽനിന്ന് എട്ടു ശതമാനമാക്കി. ഒരു വർഷത്തേത് 7.95ൽനിന്ന് 8.15 ശതമാനവും മൂന്നു വർഷത്തേത് 8.10ൽനിന്ന് 8.35 ശതമാനവും ആയി വർധിപ്പിച്ചു.
ഒരു വർഷ എംസിഎൽആർ ആധാരമാക്കിയാണ് ഭവന – വാഹന- വിദ്യാഭ്യാസ വായ്പകളുടെ പലിശ നിശ്ചയിക്കുന്നത്. ചില പേഴ്സണൽ വായ്പകളുടെ നിരക്കും അതിനെ ആധാരമാക്കിയാണ്.
ഇപ്പോൾ വായ്പ എടുത്തിട്ടുള്ളവർക്ക് അതിൽ പറഞ്ഞിരിക്കുന്ന റീസെറ്റ്(നിരക്കുമാറ്റൽ) വ്യവസ്ഥ പ്രകാരമേ പുതിയ നിരക്ക് ബാധകമാകൂ. മിക്ക ഭവന വായ്പകളിലും ഒരു വർഷമാണു റീസെറ്റ് കാലാവധി. അതായതു വായ്പ എടുത്ത് ഒരു വർഷമാകുന്പോഴേ നിരക്ക് മാറൂ. എന്നാൽ, പുതിയ വായ്പ എടുക്കുന്നവർ ഇന്നുമുതൽ പുതിയ നിരക്ക് നല്കണം.
എംസിഎൽആറിൽനിന്നു നിശ്ചിത ശതമാനം ഉയർത്തിയാണു (സ്പ്രെഡ്) വായ്പാപലിശ നിശ്ചയിക്കുക. സ്വർണപ്പണയത്തിന് രണ്ടു ശതമാനമാണ് സ്പ്രെഡ്. അതായത് ഒരു വർഷ എംസിഎൽആർ 8.15 ശതമാനമാകുന്പോൾ സ്വർണപ്പണയവായ്പ 10.15 ശതമാനത്തിലേ ലഭിക്കൂ.
ശന്പളക്കാർക്കുള്ള ഭവനവായ്പകൾ സ്ത്രീകൾക്കു 0.35 ശതമാനവും പുരുഷന്മാർക്ക് 0.40 ശതമാനവും സ്പ്രെഡിൽ ആണു നല്കുന്നത്. ഒരു വർഷം എംസിഎൽആർ 8.15 ശതമാനമായാൽ 30 ലക്ഷത്തിനുതാഴെയുള്ള ഭവന വായ്പ ശന്പളക്കാരിലെ സ്ത്രീകൾക്ക് 8.50 ശതമാനത്തിലും പുരുഷന്മാർക്ക് 8.55 ശതമാനത്തിലുമാണു കിട്ടുക.
കാർ ലോണുകൾക്ക് 1.10 മുതൽ 1.25 വരെ ശതമാനമാണു സ്പ്രെഡ്. ടൂവീലറുകൾക്ക് 9.25 ശതമാനം വരെ സ്പ്രെഡ് ഉണ്ട്. പലിശനിരക്ക് കൂട്ടുന്നതിനു റിസർവ് ബാങ്കിൽനിന്നു നടപടി ഉണ്ടായിട്ടല്ല ഇപ്പോഴത്തെ വർധന. കടപ്പത്ര വിപണിയിൽ സർക്കാർ കടപ്പത്രങ്ങളുടെ വില താണ് അതിന്മേലുള്ള വരുമാനം കൂടുന്നതാണ് ഒരു കാരണം. പലിശനിരക്ക് കൂടുമെന്ന കന്പോള വിലയിരുത്തലാണ് അതിൽ പ്രതിഫലിക്കുന്നത്.
രണ്ടാമത്തെ കാരണം ബാങ്കുകൾക്കു കിട്ടാക്കടങ്ങൾ മൂലം കൂടുതൽ തുക വകയിരുത്തേണ്ടിവരുന്നതാണ്. പ്രശ്നസാധ്യതയുള്ള എല്ലാ വായ്പകളും ഉടനെ കണ്ടെത്തി അവ തിരിച്ചു കിട്ടാതെ വന്നാൽ വേണ്ട തുക കരുതിവയ്ക്കണമെന്നു റിസർവ് ബാങ്ക് കർശനമായി നിർദേശിച്ചിട്ടുണ്ട്.
അതു ചെയ്യുന്പോൾ അടുത്ത രണ്ടു ത്രൈമാസങ്ങളിൽ ബാങ്കുകൾക്കു ഗണ്യമായ നഷ്ടം വരും. അതും പലിശ കൂട്ടാൻ പ്രേരകമായി.23 മാസത്തിനുശേഷമാണ് എസ്ബിഐ വായ്പാപലിശ കൂട്ടുന്നത്. ഐസിഐസിഐ ബാങ്കും പഞ്ചാബ് നാഷണൽ ബാങ്കും വായ്പാപലിശ കൂട്ടി.