മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ)ക്കു ഡിസംബറിലവസാനിച്ച ത്രൈമാസത്തിൽ 1887.57 കോടി രൂപ നഷ്ടം. തലേവർഷം ഇതേകാലത്ത് 2152.14 കോടി അറ്റാദായമുണ്ടായിരുന്നു. കന്പനിയുടെ നിഷ്ക്രിയ ആസ്തി ഇരട്ടിയോളമായി. 1.08 ലക്ഷം കോടി രൂപയിൽനിന്ന് 1.99 ലക്ഷം കോടിയിലെത്തി. പലിശയും ഗഡുവും കിട്ടാത്ത വായ്പകൾ 7.23 ശതമാനത്തിൽനിന്ന് 10.35 ശതമാനമായി വർധിച്ചു.
രാജ്യത്തെ ഏറ്റവും വലിയ വാണിജ്യബാങ്കിന്റെ പലിശവരുമാനവും പലിശയിതര വരുമാനവും കുറഞ്ഞു. ഫീസുകളിൽനിന്നുള്ള വരുമാനം മാത്രമേ കൂടിയുള്ളൂ. സർക്കാർ കടപ്പത്രങ്ങളുടെ വില കുറഞ്ഞതും നഷ്ടം കൂട്ടി.