ന്യൂഡൽഹി: കിട്ടാക്കടങ്ങളും കടക്കുടിശികയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ)യെ വലയ്ക്കുന്നു. ജൂൺ 30നവസാനിച്ച ത്രൈമാസത്തിൽ 4,876 കോടി രൂപയാണു ബാങ്കിന്റെ നഷ്ടം. തലേവർഷം ഇതേ കാലയളവിൽ 2,006 കോടി ലാഭമുണ്ടായിരുന്നതാണ്.
കിട്ടാക്കടങ്ങളും നിഷ്ക്രിയ ആസ്തികളും കൃത്യമായി നിർണയിച്ച് അവയിലെ നഷ്ടസാധ്യതയ്ക്കനുസരിച്ചു വകയിരുത്തൽ നടത്താനുള്ള കർശനനിർദേശം വന്നശേഷം എല്ലാ ത്രൈമാസങ്ങളിലും ബാങ്ക് നഷ്ടമാണു കാണിച്ചത്. ഡിസംബർ ത്രൈമാസത്തിൽ 2,416.4 കോടി, മാർച്ച് ത്രൈമാസത്തിൽ 7,718.7 കോടി എന്നിങ്ങനെയായിരുന്നു നഷ്ടം.
കഴിഞ്ഞ വർഷം ജൂൺ 30ന് 1,88,068 കോടി രൂപയായിരുന്ന നിഷ്ക്രിയ ആസ്തി(എൻപിഎ)കൾ ഈ ജൂണിൽ 2,12,840 കോടിയായി ഉയർന്നു. ഇവയിൽ വരാവുന്ന നഷ്ടം കണക്കാക്കി 19,228 കോടി രൂപ നീക്കിവയ്ക്കേണ്ടിവന്നു. തലേ വർഷം ഈയാവശ്യത്തിന് 8929.5 കോടിയായിരുന്നു വകയിരുത്തൽ. മൊത്തം വായ്പകളുടെ 10.69 ശതമാനായി എൻപിഎ വർധിച്ചു. ത്രൈമാസത്തിൽ ബാങ്കിന്റെ വരുമാനം 62,911 കോടിയിൽനിന്ന് 65,493 കോടിയായി വർധിച്ചു.