മുംബൈ: മിനിമം ബാലൻസ് ഇല്ലാത്ത സേവിംഗ്സ് അക്കൗണ്ടുകളിൽനിന്നു പിഴ പിടിക്കുന്ന തീരുമാനം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) പുനഃപരിശോധിച്ചേക്കും. ഈ വർഷം ഏപ്രിൽ മുതലാണ് മാസം നിശ്ചിത തുക ഇല്ലാത്ത അക്കൗണ്ടുകളിൽനിന്ന് പിഴ ഈടാക്കുന്ന നടപടി എസ്ബിഐ ആവിഷ്കരിച്ചത്. ഉപയോക്താക്കളുടെ അഭിപ്രായത്തെത്തുടർന്നാണ് പിഴ തീരുമാനം പുനഃപരിശോധിക്കുന്നതെന്ന് എസ്ബിഐ മാനേജിംഗ് ഡയറക്ടർ രജ്നിഷ് കുമാർ പറഞ്ഞു.
മെട്രോപൊളിറ്റൻ പ്രദേശത്ത് മിനിമം ബാലൻസ് 5000 രൂപയാണ്. അക്കൗണ്ടിൽ 75 ശതമാനം കുറവുണ്ടായാൽ 100 രൂപയും ജിസ്ടിയുമാണ് പിഴ. 50 ശതമാനത്തിൽ താഴ്ന്നാൽ 50 രൂപയും ജിഎസ്ടിയുമായിരുന്നു പിഴ.ഗ്രാമീണമേഖലയിൽ മിനിമം ബാലൻസ് 1000 രൂപയായാണ് നിജപ്പെടുത്തിയിരിക്കുന്നത്. ഇതിൽനിന്നു താഴ്ന്നാൽ 20 മുതൽ 50 വരെ രൂപയും ജിഎസ്ടിയുമാണ് പിഴ.
രാജ്യത്താകെ 40 കോടി സേവിംഗ്സ് അക്കൗണ്ടുകളാണ് എസ്ബിഐക്കുള്ളത്. ഇതിൽ 13 കോടി അക്കൗണ്ടുകൾ ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ്, പ്രധാൻമന്ത്രി ജൻ-ധൻ യോജന എന്നീ വിഭാഗത്തിൽപ്പെട്ടവയാണ്.
ഈ രണ്ടു വിഭാഗത്തിലുള്ള അക്കൗണ്ടുകൾക്ക് മിനിമം ബാലൻസ് രീതി എസ്ബിഐ സ്വീകരിച്ചിട്ടില്ല. ശേഷിക്കുന്ന 27 കോടി അക്കൗണ്ടുകളിൽ 13-20 ശതമാനം പേരും മിനിമം ബാലൻസ് സൂക്ഷിക്കുന്നവരല്ല. മേയ്-ജൂൺ കാലയളവിൽ ഈ അക്കൗണ്ടുകളിൽനിന്ന് 235 കോടി രൂപയാണ് പിഴ ഇനത്തിൽ എസ്ബിഐ പിടിച്ചതെന്ന് കുമാർ പറഞ്ഞു.
എന്നാൽ, മിനിമം ബാലൻസ് നടപടികൾക്ക് ഭാരിച്ച ചെലവാണെന്നാണ് എസ്ബിഐയുടെ വാദം. സാങ്കേതികവിദ്യാ മേഖലയിൽത്തന്നെ വലിയ ചെലവ് ബാങ്കിനു വരുന്നുണ്ട്. ഈ പ്രശ്നങ്ങൾ വച്ചുകൊണ്ടുതന്നെ എതിരാളികളായ മറ്റു ബാങ്കുകളുടെ മുന്നിൽ പിടിച്ചുനിൽക്കാൻ എസ്ബിഐ ഏറെ ക്ലേശിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാധാരണ അക്കൗണ്ടുകൾ ഉപയോഗിക്കുന്നവർക്ക് തങ്ങളുടെ അക്കൗണ്ട് മിനിമം ബാലൻസ് ആവശ്യമില്ലാത്ത ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് വിഭാഗത്തിലേക്കു മാറാനുള്ള അവസരമുണ്ട്.