രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ ആളുകളെ കൊള്ളയടിക്കുകയാണെന്ന ആരോപണം അടുത്തകാലത്തായി വര്‍ദ്ധിച്ചുവരികയാണ്. അക്കൗണ്ടില്‍ മിനിമം ബാലന്‍സ് സൂക്ഷിച്ചില്ലെന്ന കാരണത്താല്‍ കഴിഞ്ഞ ഏതാനും നാളുകള്‍ക്കിടയില്‍ എസ്ബിഐ ആളുകളില്‍ നിന്ന് പിരിച്ചെടുത്തത് അയ്യായിരത്തിലധികം കോടി രൂപയാണ്. ഇപ്പോഴിതാ എസ്ബിഐയുടെ മിനിമം ബാലന്‍സ് നയവുമായി ബന്ധപ്പെട്ട് പുതിയ ആരോപണം ഉയര്‍ന്നുവന്നിരിക്കുന്നു.
സംസ്ഥാനത്തെ പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ സ്കോളര്‍ഷിപ്പിലും കൈയ്യിട്ടുവാരുകയാണ് എസ്ബിഐ എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. മൈനോറിറ്റി സ്കോളര്‍ഷിപ്പിടക്കമുള്ള പിന്നോക്ക വിഭാഗങ്ങളിലെ കുട്ടികള്‍ക്കായുള്ള സ്കോളര്‍ഷിപ്പ് തുകയില്‍ നിന്നാണ് വന്‍തുക എസ്ബിഐ സീറോ ബാലന്‍സ് പിഴയായി പിടിച്ചെടുത്തിരിക്കുന്നത്. വെറും ആയിരം രൂപ സ്കോളര്‍ഷിപ്പായി കിട്ടിയ നിര്‍ദ്ധന ഭവനങ്ങളിലെ വിദ്യാര്‍ത്ഥികളില്‍ നിന്നുപോലും ബാങ്ക് പിടിച്ചത്, 458 രൂപയാണ്.
ആലപ്പുഴയില്‍ മൈനോരിറ്റി സ്കോളര്‍ഷിപ്പിന് അപേക്ഷിച്ച പെണ്‍കുട്ടി സ്കോളര്‍ഷിപ്പ് അനുവദിച്ചിട്ടുണ്ടെന്നറിഞ്ഞ് ബാങ്കിലെത്തിയപ്പോഴാണറിയുന്നത്, 458 രൂപ മിനിമം ബാലന്‍സ് പിഴയായി ഈടാക്കിയതായി അറിയുന്നത്. മാനേജേരോട് സംസാരിച്ചപ്പോള്‍ ഇത്തവണ പിടിച്ച പണം തിരിച്ച് തരാന്‍ കഴിയില്ലെന്നും അടിസ്ഥാന സേവിംഗ്സ് ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ അപേക്ഷ തന്നാല്‍ അടുത്ത തവണ മുതല്‍ പിഴ ഈടാക്കാതെ സ്കോളര്‍ഷിപ്പ് തുക തരാമെന്നുമായിരുന്നു മറുപടി. ഇത്തരത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ബാങ്കിന്റെ ഭാഗത്തുനിന്ന് തിരിച്ചടികള്‍ നേരിടേണ്ടി വരുന്നതായി പരാതികള്‍ ഉയരുകയാണ്.