കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്തൃ സൗഹൃദ ഡിജിറ്റൽ പേമെന്റ് സംവിധാനം മൊപാഡ് (മൾട്ടി ഓപ്ഷൻ പേമെന്റ് അക്സപ്റ്റൻഡ് ഡിവൈസ്) പുറത്തിറക്കി.
കാർഡ്, ഭാരത് ക്യൂആർ, യുപിഐ, എസ്ബിഐ ബഡി (ഇ-വാലറ്റ്) തുടങ്ങിയവയിൽനിന്നു പിഒഎസ് ടെർമിനലിലേക്ക് മൊപാഡ് വഴി പേമെന്റ് നടത്താം. ഇടപാടുകാർക്ക് വളരെ സൗകര്യപ്രദമായ ഈ സംവിധാനം കച്ചവടക്കാരുടെ ബിസിനസും വളരെ എളുപ്പമാക്കുന്നു.
നടത്തുന്ന ഇടപാടുകൾക്ക് തെളിവായി ഇടപാടുകാർക്ക് ചാർജ് സ്ലിപ് ലഭിക്കും. ഭാരത് ക്യുആർ, യുപിഐ, എസ്ബിഐ ബഡി എന്നിവയിൽ ഇതു ലഭിക്കുകയില്ല. കച്ചവടക്കാർക്ക് ഒറ്റ സംവിധാനത്തിലൂടെ എല്ലാ ഡിജിറ്റൽ ഇടപാടുകളുടെയും വിവരം ലഭിക്കുന്നു. അതിനാൽ കാഷ് ഫ്ലോയുടെ നിയന്ത്രണം എളുപ്പം സാധ്യമാകുന്നു. ഈ ബഹുമുഖ സംവിധാനം ഡിജിറ്റൽ ആവാസ് വ്യവസ്ഥ വിപുലമാക്കുവാനും സമ്പദ്ഘടനയെ ലെസ് കാഷ് സൊസൈറ്റിയിലേക്ക് നയിക്കാനും സഹായിക്കും.
രാജ്യത്തൊട്ടാകെ എസ്ബിഐ 6.23 ലക്ഷം പിഒഎസ് മെഷീനുകൾ സ്ഥാപിച്ചിട്ടുണ്ട്. പുതിയ സംവിധാനം ഘട്ടംഘട്ടമായി എല്ലാ പിഒഎസ് ടെർമിനലിലും ലഭ്യമാക്കും. ഇതുവഴി ഒറ്റ ടെർമിനലിലൂടെ കച്ചവടക്കാർക്ക് ഡിജിറ്റൽ ഇടപാടു നടത്താം.