തിരുവനന്തപുരം: തലസ്ഥാനത്ത് എസ്ബിഐ ബ്രാഞ്ചിൽ വൻ തീ പിടിത്തം. കനത്ത നാശനഷ്ടം. പനവിള ജംഗ്ഷനിൽ പ്രവർത്തിക്കുന്ന എസ്ബിഐയുടെ സെൻട്രലൈസ്ഡ് ക്ലിയറിംഗ് പ്രൊസസ്സിംഗ് ബ്രാഞ്ചിലാണ് തീ പിടിത്തമുണ്ടായത്.
ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു തീ പിടിത്തം.
രാവിലെ ബാങ്ക് തുറക്കാനെത്തിയ ജീവനക്കാരാണ് തീ പിടിത്തം ആദ്യം കണ്ടത്. തുടർന്ന് ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. ചെങ്കൽചൂള ഫയർഫോഴ്സിൽ നിന്നും നാല് യൂണിറ്റ് ഫയർഫോഴ്സ് സംഘം മൂന്ന് മണിക്കൂറിലേറെ സമയമെടുത്താണ് തീ അണച്ചത്. തീ പിടിത്തത്തിൽ 15-ൽപരം കംപ്യൂട്ടറുകളും പ്രിന്ററുകളും എസികളും ഫർണിച്ചറുകളും കത്തി നശിച്ചു.
ചെങ്കൽചൂള ഫയർഫോഴ്സിലെ സ്റ്റേഷൻ ഓഫീസർ അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്ത കാരണമെന്നാണ് ഫയർഫോഴ്സിന്റെ പ്രാഥമിക നിഗമനം. എസിയിൽ നിന്നാണ് തീ പിടിത്തമുണ്ടായതെന്ന് ഫയർഫോഴ്സിന്റെ പരിശോധനയിൽ കണ്ടെത്തി. ബാങ്കിനകത്ത് എലി ശല്യവുമുണ്ടായിരുന്നുവെന്ന് ബാങ്ക് ജീവനക്കാർ ഫയർഫോഴ്സിനോട് വ്യക്തമാക്കി.