മുംബൈ: മിനിമം ബാലൻസ് സന്പ്രദായം പരിഷ്കരിച്ചതിനു പിന്നാലെ സേവിംഗ്സ് അക്കൗണ്ടുകൾ പിൻവലിക്കുന്നതിനുള്ള ക്ലോസിംഗ് ചാർജും ജിഎസ്ടിയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) പിൻവലിച്ചു.
ഈ മാസം ഒന്നു മുതൽ പുതിയ രീതി പ്രാബല്യത്തിൽ വന്നതായി എസ്ബിഐ വാർത്താക്കുറിപ്പിൽ അറിയിച്ചു. ചുരുങ്ങിയത് ഒരു വർഷം പഴക്കമുള്ള അക്കൗണ്ടുകൾക്കും അക്കൗണ്ട് തുടങ്ങി 14 ദിവസത്തിനുള്ളിൽ പിൻവലിക്കുന്നവർക്കും മാത്രമാണ് ഈ ഒഴിവു ലഭിക്കുക. എന്നാൽ, ഒരു വർഷത്തിൽ താഴെ പഴക്കമുള്ള സേവിംഗ്സ് പിൻവലിക്കാൻ ക്ലോസിംഗ് ചാർജും ജിഎസ്ടിയും നല്കണം.
നേരത്തെ സേവിംഗ്സ് അക്കൗണ്ട് പിൻവലിക്കുന്നതിന് ഇടപാടുകാരിൽനിന്ന് 500 രൂപയും 18 ശതമാനം ജിഎസ്ടിയും എസ്ബിഐ ഈടാക്കിയിരുന്നു. ഉപയോക്തൃസൗഹൃദ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് എസ്ബിഐയുടെ ഈ മനംമാറ്റം.
അക്കൗണ്ടുകളിൽ മിനിമം ബാലൻസ് സൂക്ഷിച്ചില്ലെങ്കിൽ പിഴ ഈടാക്കിയിരുന്ന രീതി കഴിഞ്ഞയാഴ്ചയാണ് എസ്ബിഐ പുനഃക്രമീകരിച്ചത്. ഇനി മുതൽ മെട്രോ സിറ്റികളിൽ 5000 രൂപയ്ക്കു പകരം 3000 രൂപ മിനിമം ബാലൻസ് അക്കൗണ്ടിൽ സൂക്ഷിച്ചാൽ മതി. പുതിയ മിനിമം ബാലൻസ് നിയമവും ഈ മാസം ഒന്നു മുതൽ പ്രാബല്യത്തിലായി.