തിരുവനന്തപുരം:സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ)യില്‍ എസ്ബിടി ഉള്‍പ്പെടെയുള്ള അസോഷ്യേറ്റ് ബാങ്കുകള്‍ ലയിച്ചത് ഈ ബാങ്കുകളിലെ എന്‍ആര്‍ഐ നിക്ഷേപകരില്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. എന്നാല്‍ ഒരു വിധത്തിലും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും കാര്യങ്ങള്‍ കൂടുതല്‍ സുഗമമാകുമെന്നുമാണ് എസ്ബിഐ കേരളാ ചീഫ് ജനറല്‍ മാനേജര്‍ എസ്.വെങ്കിട്ടരാമന്‍ വ്യക്തമാക്കുന്നത്. പ്രവാസികളെ സംബന്ധിച്ച് ഒരു പ്രശ്‌നവും ഉണ്ടാകാത്ത രീതിയിലാണ് ലയനത്തിനു ശേഷം നടപടികള്‍ കൈക്കൊള്ളുക.
എസ്ബിടി അടക്കമുള്ള അസോഷ്യേറ്റ് ബാങ്കുകളില്‍ എന്‍ആര്‍ഇ അക്കൗണ്ടുണ്ടായിരുന്ന ഉപഭോക്താക്കള്‍ക്ക് അതേ നമ്പരുകള്‍ ഉപയോഗിച്ചു തന്നെ ഇടപാടുകള്‍ നടത്താം. ഈ ബാങ്കുകളില്‍ ഇന്റര്‍നെറ്റ് ബാങ്കിങ്ങിന് ഉപയോഗിച്ചിരുന്ന യൂസര്‍നെയിമും പാസ് വേഡും ഉപയോഗിച്ച് എസ്ബിഐയുടെ വെബ്‌സൈറ്റ് മുഖേനയും ഓണ്‍ലൈന്‍ ബാങ്കിടപാടുകള്‍ നടത്താനാകും. ഇതിനു പുറമേ എസ്ബിഐയുടെ മറ്റ് ഓണ്‍ലൈന്‍ സേവനങ്ങളും ഉപഭോക്താക്കള്‍ക്കു ലഭ്യമാക്കും. അസോഷ്യേറ്റ് ബാങ്കുകളിലുണ്ടായിരുന്ന എന്‍ആര്‍ഇ അക്കൗണ്ടുകളുടെ ബ്രാഞ്ചോ ഐഎഫ്എസ്സി കോഡുകളോ മാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ അസോഷ്യേറ്റ് ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്കു നല്‍കിയിട്ടുള്ള ചെക്കുബുക്കുകള്‍ക്കു പകരം പുതിയ എസ്ബിഐ ചെക്കുബുക്കുകള്‍ വാങ്ങേണ്ടിവരും. ഈ വര്‍ഷം സെപ്റ്റംബറോടെ ചെക്ക് ബുക്കുകള്‍ മാറ്റിനല്‍കുന്ന നടപടികള്‍ പൂര്‍ത്തിയാകും. എന്‍ആര്‍ഇ അക്കൗണ്ട് എടുക്കുമ്പോള്‍ നല്‍കിയിട്ടുള്ള വിലാസത്തില്‍ പുതിയ ചെക്ക് ബുക്കുകള്‍ അയച്ചുനല്‍കും. ഇതിനു പുറമേ ഉപഭോക്താക്കള്‍ക്കു നാട്ടിലുള്ള സമയത്തു നേരിട്ടു ബാങ്കില്‍ ചെന്നോ, അടുത്ത ബന്ധുക്കളെ ചുമതലപ്പെടുത്തിയോ പുതിയ ചെക്ക് ബുക്കുകള്‍ കൈപ്പറ്റാം. അസോഷ്യേറ്റ് ബാങ്കുകള്‍ നല്‍കിയിട്ടുള്ള ചെക്ക് ബുക്കുകള്‍ ഉപയോഗിച്ച് ഒരു നിശ്ചിത കാലത്തേക്ക് ഇടപാടുകള്‍ക്ക് അനുമതി നല്‍കും.
യുഎഇയില്‍ പ്രവര്‍ത്തിക്കുന്ന എസ്ബിടി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് പ്രതിനിധി ഓഫീസുകള്‍ ഇനി മുതല്‍ എസ്ബിഐയുടെ പ്രതിനിധി ഓഫിസുകളായിട്ടായിരിക്കും പ്രവര്‍ത്തിക്കുക. ഓഫിസുകളുടെ പേരു മാറ്റുന്നതിന് യുഎഇ സെന്‍ട്രല്‍ ബാങ്കിനെ സമീപിച്ചിട്ടുണ്ട്. ഇതില്‍ അനുമതി ലഭിക്കുന്നതു വരെ നിലവിലുള്ള പേരുകളിലായിരിക്കും പ്രതിനിധി ഓഫിസുകള്‍ പ്രവര്‍ത്തിക്കുക. ഇടപാടുകാരുടെ സൗകര്യാര്‍ഥം ഈ രണ്ട് ഓഫിസുകളില്‍ ഒന്ന് അബുദാബിയിലേക്കു മാറ്റിസ്ഥാപിക്കുമെന്നും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അധികൃതര്‍ അറിയിച്ചു.
ഇതിനു പുറമേ ദോഹയില്‍ പുതിയ പ്രതിനിധി ഓഫിസ് ആരംഭിക്കാനും പദ്ധതിയുണ്ട്. 35 ലക്ഷം ലയനശേഷം ഏകദേശം 35 ലക്ഷം എന്‍ആര്‍ഇ അക്കൗണ്ടുകളാണ് എസ്ബിഐയ്ക്ക് ഉള്ളത്. ഇതില്‍ 18 ലക്ഷത്തോളം അക്കൗണ്ടുകള്‍ മലയാളികളുടെ പേരിലാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ മാത്രം 12 ലക്ഷം എന്‍ആര്‍ഇ അക്കൗണ്ടുകളുണ്ട്. 21 ലക്ഷം കോടിയാണ് എന്‍ആര്‍ഇ അക്കൗണ്ടുകള്‍ വഴി നടക്കുന്ന ഇടപാടുകള്‍. ഇതില്‍ 25 ശതമാനം ഇടപാടുകളും നടത്തുന്നതു മലയാളികളാണ്.