തിരുവനന്തപുരം: കാർഡില്ലാതെ എടിമ്മുകളിലൂടെ പണം പിൻവലിക്കുന്നതിനുള്ള യോനോ കാഷുമായി എസ്ബിഐ. ഈ സേവനം ലഭ്യമാക്കുന്ന രാജ്യത്തെ ആദ്യത്തെ ബാങ്കാണ് എസ്ബിഐ. കാർഡ് ഇല്ലാതെ 16,500 എസ്ബിഐ എടിമ്മുകളിലൂടെ യോനോ വഴി പണം പിൻവലിക്കാം. യോനോ കാഷുമായി ബന്ധിപ്പിച്ചിരിക്കുന്ന എടിഎമ്മുകൾ യോനോ കാഷ് പോയിന്റ് എന്നറിയപ്പെടും.
സ്കിമ്മിംഗ്, ക്ലോണിംഗ് തട്ടിപ്പുകൾക്കുള്ള സാധ്യത ഇല്ലാതാക്കുന്നവെന്നതിനു പുറമെ രണ്ട് ഒതന്റിക്കേഷനിലൂടെ സുരക്ഷിതമാക്കിയ ഇടപാടുകളാണ് ഇതിന്റെ പ്രത്യേകത. ഇടപാടുകൾക്കായി ആറക്കങ്ങളുള്ള യോനോ കാഷ് പിൻ തയാറാക്കണം. ഇടപാടുകൾക്കായി ഉപഭോക്താക്കൾക്ക് ആറക്കങ്ങളുള്ള റഫറൻസ് നന്പർ രജിസ്റ്റർ ചെയ്ത മൊബൈൽ നന്പറിലേക്ക് എസ്എംഎസ് ആയി ലഭിക്കും. അടുത്ത അര മണിക്കൂറിനുള്ളിൽ തൊട്ടടുത്തുള്ള യോനോ കാഷ് പോയിന്റ് വഴി പിൻ നമ്പറും റെഫറൻസ് നമ്പറും ഉപയോഗിച്ച് പണം പിൻവലിക്കും.
അടുത്ത രണ്ടു വർഷങ്ങൾക്കുള്ളിൽ യോനോ വഴി എല്ലാ ഇടപാടുകളും ഒരൊറ്റ കുടക്കീഴിനുള്ളിലാക്കി ഒരു ഡിജിറ്റൽ ലോകം ഒരുക്കുന്നതിനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്, എസ്ബിഐ ചെയർമാൻ രജനീഷ് കുമാർ പറഞ്ഞു. കൂടുതൽ സേവനങ്ങൾ വരുംനാളുകളിൽ യോനോയിൽ നിന്നും ലഭ്യമാക്കുന്നതിനുള്ള ഒരുക്കത്തിലാണ് എസ്ബിഐ.