ചെന്നൈ: ആർട്ടിഫിഷ്യൽ ഇന്റലിജന്‍സ് വഴി സംഗീത സംവിധായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ശബ്ദം പുനഃസൃഷ്ടിച്ചതിനെതിരേ അദ്ദേഹത്തിന്റെ കുടുംബം രംഗത്ത്. തെലുങ്ക് സിനിമ കീട കോളയുടെ നിർമാതാക്കൾക്ക് എസ്. പി. ബിയുടെ കുടുംബം വക്കീൽ നോട്ടീസ് നൽകിയിരിക്കുകയാണ്. കീഡ കോള സിനിമയുടെ നിർമ്മാതാവിനോടും സംഗീതസംവിധായകനോടും ക്ഷമാപണം നടത്തണമെന്നും, നഷ്ടപരിഹാരം നല്‍കണമെന്നും, റോയൽറ്റി തുക പങ്കുവയ്ക്കണമെന്നും ആവശ്യപ്പെട്ട് 2024 ജനുവരി 18നാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.
എസ്.പി.ബിയുടെ മകൻ എസ്.പി കല്യാൺ ചരണാണ് നോട്ടീസ് അയച്ചത്. അന്തരിച്ച ഗായകന്റെ ശബ്ദത്തിന്റെ അനശ്വരത നിലനിര്‍ത്തുന്നതിന് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിൽ കുടുംബത്തിന്റെ പൂർണ പിന്തുണയുണ്ടാകും. എന്നാല്‍ വാണിജ്യ ആവശ്യങ്ങൾക്ക് വേണ്ടി കുടുംബത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെ അദ്ദേഹത്തിന്റെ ശബ്ദം ഉപയോഗിക്കുന്നതിൽ നിരാശരാണെന്ന് എസ്.പി.ബിയുടെ കുടുംബം പറഞ്ഞു.
എസ്.പി.ബിയുടെ ശബ്ദം കുടുംബത്തിന്റെ അനുവാദം ഇല്ലാതെ ഉപയോഗിച്ചു എന്നത് വ്യക്തമാണ്. ഈ വിഷയത്തില്‍ മാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിക്കുന്നതില്‍ കുടുംബം താല്‍പ്പര്യം പ്രകടിപ്പിക്കുന്നില്ല. ഇതിനെതിരേ നിയമപരമായി മുന്നോട്ട് പോകുമെന്ന് കല്യാൺ ചരണ്‍ പറഞ്ഞു.
സമ്മതമോ അനുമതിയോ ഇല്ലാതെ വാണിജ്യ ആവശ്യത്തിന് ഐഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ഗായകരുടെ ശബ്ദം ഉപയോഗിക്കുന്ന പ്രവണത തുടർന്നാൽ, അത് ഇപ്പോഴത്തെയും ഭാവിയിലെയും ഗായകരെ അത് ബാധിക്കുമെന്നും കല്യാൺ കൂട്ടിച്ചേർത്തു.