മുംബൈ: ഏപ്രിൽ ഒന്നിനു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ലയിക്കുന്ന അഞ്ച് അസോസ്യേറ്റ് ബാങ്കുകളുടെ 47 ശതമാനം ഓഫീസുകൾ പൂട്ടുമെന്ന് റിപ്പോർട്ട്. മൂന്നു ബാങ്കുകളുടെ ഹെഡ് ഓഫീസുകളും പൂട്ടുന്നവയിൽ ഉൾപ്പെടും.
അഞ്ച് ബാങ്കുകളിൽ രണ്ടെണ്ണത്തിന്റെ ഹെഡ് ഓഫീസുകൾ നിലനിർത്തും. 27 സോണൽ ഓഫീസുകൾ, 81 റീജണൽ ഓഫീസുകൾ, 11 നെറ്റ്വർക്ക് ഓഫീസുകൾ എന്നിവയോടൊപ്പം മറ്റു മൂന്ന് ബാങ്കുകളുടെ ഹെഡ് ഓഫീസ് പ്രവർത്തനം നിർത്തുമെന്ന് എസ്ബിഐ മാനേജിംഗ് ഡയറക്ടർ ദിനേശ് കുമാർ ഖാര അറിയിച്ചു.
ഒരേ പ്രദേശത്തുള്ള ഓഫീസുകളാണ് പൂട്ടുന്നവയിൽ ഉൾപ്പെടുക. ബിസിനസ് വിഭജിച്ചു പോകാതിരിക്കാനാണിത്. ഏപ്രിൽ ഒന്നിന് അഞ്ചു ബാങ്കുകളും എസ്ബിഐയുടെ ഭാഗമായി മാറുമെങ്കിലും ബാങ്കിനുള്ളിലെ രേഖാ നടപടികൾ ഏപ്രിൽ 24നു ശേഷം മാത്രമേ തുടങ്ങൂ. ബാങ്കുകളുടെ ബാലൻസ് ഷീറ്റ് തയാറാക്കാൻ 20 ദിവസമെങ്കിലും വേണ്ടിവന്നേക്കും. ഇതിനുശേഷം ഓഡിറ്റ് പൂർത്തിയാകുന്പോൾ ലയനവും സാങ്കേതികമായി പൂർത്തിയാകും.
ഇപ്പോൾ എസ്ബിഐക്ക് 550 അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകളും അസോസ്യേറ്റ് ബാങ്കുകൾക്ക് 259 അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകളുമുണ്ട്. ലയനം പൂർത്തിയാകുന്പോൾ എസ്ബിഐക്ക് മൊത്തം 687 ഓഫീസുകളായി മാറും. 122 ഓഫീസുകൾ ഇല്ലാതാകും.
ഏതാണ്ട് 1,107 ശാഖകൾ ഇല്ലാതാകുന്പോൾ ഏറ്റവുമധികം ബാധിക്കുന്നത് ജീവനക്കാരെയാണ്. ഇവരെ പുനർവിന്യസിക്കും. മറ്റ് ഓഫീസുകളിലേക്കു മാറാൻ താത്പര്യമില്ലാത്തവർക്ക് വിആർഎസ് എടുത്ത് പിരിഞ്ഞുപോകാമെന്ന് നേരത്തേ എസ്ബിഐ അറിയിച്ചിരുന്നു.
ഏപ്രിൽ 24ന് അഞ്ച് അസോസ്യേറ്റ് ബാങ്കുകളുടെയും ഡാറ്റാ സങ്കലനം ഒരുമിച്ചായിരിക്കും തുടങ്ങുക. മേയ് അവസാനത്തോടെ ഈ നടപടികൾ പൂർത്തിയാകുമെന്നാണ് കരുതുന്നത്. എങ്കിലും ലയനവുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പൂർത്തിയാകാൻ ആറു മാസമെങ്കിലും വേണ്ടിവന്നേക്കും.
2017-18 സാന്പത്തികവർഷത്തിലെ ആദ്യ ത്രൈമാസത്തിൽത്തന്നെ ലയനം പൂർത്തിയാകുമെന്നു പ്രതീക്ഷിക്കുന്നുവെങ്കിലും രണ്ടാം പാദത്തിലേക്കും കടക്കാനിടയുണ്ടെന്നും ദിനേശ് കുമാർ ഖാര പറഞ്ഞു.ഇതിനു മുന്പ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡോർ 2010ലും സ്റ്റേറ്റ് ബാങ്ക് ഓഫ് സൗരാഷ്ട്ര 2008ലും എസ്ബിഐയിൽ ലയിച്ചിരുന്നു.