കൽപ്പറ്റ: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർൽ(എസ്ബിടി) നിന്നു വിദ്യാഭ്യാസ വായ്പയെടുത്തവർ സംസ്ഥാന സർക്കാർ കഴിഞ്ഞ മേയിൽ പ്രഖ്യാപിച്ച തിരിച്ചടവ് സഹായ പദ്ധതിക്കു പുറത്തായി. തിരിച്ചടവ് സഹായ പദ്ധതിയിൽ അപേക്ഷിക്കാൻ പോലും കഴിയാത്ത സ്ഥിതിയിലാണ് കുടിശികയുള്ളർ.
എസ്ബിടിയിൽനിന്നു വായ്പയെടുത്തവർ എസ്ബിഐ-എസ്ബിടി ലയനത്തെത്തുടർന്നാണ് പ്രതിസന്ധിയിലായത്. ലയനത്തിനു മുന്പ് എസ്ബിടി വിദ്യാഭ്യാസ വായ്പകൾ തിരിച്ചുപിടിക്കുന്നതിനു റിലയൻസിനെ ചുമതലപ്പെടുത്തിയിരുന്നു. വായ്പാരേഖകളും കൈമാറി.
അതുകൊണ്ട് എസ്ബിടി അനുവദിച്ച വിദ്യാഭ്യാസ വായ്പകളിൽ ബാധ്യതയില്ലെന്ന നിലപാടിലാണ് എസ്ബിഐ. എസ്ബിടിയിൽനിന്നു വായ്പയെടുത്തവർക്ക് രേഖകൾ കൈവശമില്ലാത്തതാണ് തിരിച്ചടവ് സഹായ പദ്ധതിയിൽ അപേക്ഷിക്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചത്. എസ്ബിടിയിൽനിന്നു വായ്പയെടുത്തവർക്ക് റിലയൻസുമായി ഇടപാടോ കരാറോ ഇല്ല.
എസ്ബിടിയിൽനിന്നു വായ്പയെടുത്തവർക്കും തിരിച്ചടവ് സഹായ പദ്ധതി ആനുകൂല്യം ലഭിക്കുന്നതിനു നടപടി ആവശ്യപ്പെട്ട് കേന്ദ്ര, സംസ്ഥാന മന്ത്രിമാർക്ക് നിവേദനം നൽകിയെങ്കിലും ബജറ്റുകളിൽ ഇതുസംബന്ധിച്ച് പരാമർശംപോലും ഉണ്ടായില്ലെന്ന് എഡ്യുക്കേഷൻ ലോണീസ് വെൽഫെയർ ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് എൻ. നാരായണൻ മൂസത്, സെക്രട്ടറി ഇ.വി. തോമസ് എന്നിവർ പറഞ്ഞു.
വായ്പ തിരിച്ചടവ് പദ്ധതി കുടിശികക്കാരിൽ ഏകദേശം 15 ശതമാനത്തിനു മാത്രമാണ് പ്രയോജനപ്പെടുന്നത്. നഴ്സിംഗ് ഒഴികെയുള്ള കോഴ്സുകളിൽ മെരിറ്റ് ക്വാട്ടയിൽ കോഴ്സ് പൂർത്തിയാക്കിയവർക്കുമാത്രം ആനുകൂല്യം ലഭിക്കുന്നത വിധത്തിലാണ് സർക്കാർ നിബന്ധനകൾ. ഇത് എൻആർഐ, മാനേജ്മെന്റ് ക്വാട്ടകളിൽ പ്രവേശനം നേടിയവർ പദ്ധതിക്കു പുറത്താകാൻ കാരണമായി. മാനേജ്മെന്റ്, എൻആർഐ ക്വാട്ടകളിൽ പ്രവേശനം നേടി കോഴ്സുകൾ പൂർത്തിയാക്കിയവരുടെ വിദ്യാഭ്യാസ വായ്പ കുടിശികയിലെ പലിശയും പിഴപ്പലിശയും എങ്കിലും എഴുതിത്തള്ളണമെന്ന് ഓർഗനൈസേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.
തിരിച്ചടവ് സഹായ പദ്ധതിയുടെ ആനുകൂല്യം ലഭിക്കാത്തവരുടെ ജില്ലാ കണ്വൻഷൻ 21നു രാവിലെ 11നു കൽപ്പറ്റ വ്യാപാരഭവനിൽ ചേരും. പദ്ധതി ആനൂകൂല്യം വിദ്യാഭ്യാസ വായ്പ കുടിശികയുള്ള മുഴുവൻ ആളുകൾക്കും ലഭ്യമാക്കുന്നതിനുള്ള ഇടപെടലിന്റെ ഭാഗമായാണ് ഓർഗനൈസേഷൻ ജില്ലകൾ തോറും കണ്വൻഷൻ വിളിച്ചുചേർക്കുന്നത്.