പാലക്കാട്: ആദിവാസിക്ഷേമവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പഞ്ചായത്തുകൾ കാര്യക്ഷമമായ ഇടപെടലുകൾ നടത്തണമെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ ചെയർമാൻ നന്ദകുമാർ സായ് പറഞ്ഞു. അട്ടപ്പാടിയിൽ മധുവെന്ന ആദിവാസി യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി കേരളത്തിലെത്തിയ കമ്മീഷൻ പാലക്കാട് കലക്റ്ററേറ്റിൽ ഉദ്യോഗസ്ഥരുമായി സംസാരിക്കുകയായിരുന്നു.
മാനസിക വെല്ലുവിളി നേരിടുന്ന മധുവിനെ പോലെയുളള വ്യക്തികളെ കണ്ടെത്തി മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ടത് ജനങ്ങളുമായി താഴെ തട്ടിൽ ഇടപെടലുകൾ കൂടുതൽ നടത്തുന്ന തദ്ദേശ ഭരണസ്ഥാപനങ്ങളാണെന്ന് കമ്മീഷൻ പറഞ്ഞു.
സാമൂഹിക നീതി വകുപ്പിനും ഇക്കാര്യത്തിൽ നിർണായക പങ്കുണ്ട്. ഇത്തരം വ്യക്തികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് സന്നദ്ധ സംഘടനകളുടെ സഹായവും തേടാവുന്നതാണ്. ഇത്തരം കാര്യങ്ങളിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സദാ ജാഗ്രത പുലർത്തണം. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ആദിവാസി വിഭാഗങ്ങൾക്കായി ധാരാളം ക്ഷേമപ്രവർത്തനങ്ങൾ നടത്തുന്പോൾ ഇത്തരത്തിലൊരവസ്ഥ വരുന്നത് ദു:ഖകരമാണെന്നും കമ്മീഷൻ പറഞ്ഞു.
ആക്രമണത്തിനുണ്ടായ സാഹചര്യം, പോസ്റ്റ്മോർട്ടം റിപ്പോർട്ട് എന്നിവയെ കുറിച്ച് പൊലീസ് ഉദ്യോഗസ്ഥർ കമ്മീഷന് വിശദീകരണം നൽകി. ആദിവാസി മേഖലയിലെ വിദ്യാഭ്യാസം, തൊഴിൽ പരിശീലനം, അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യം, മദ്യ നിരോധന പ്രവർത്തനങ്ങൾ, പ്രീമെട്രിക് ഹോസ്റ്റലുകൾ എന്നിവയെക്കുറിച്ചും ചർച്ച നടന്നു.
പട്ടിക വർഗ വകുപ്പ് നടപ്പാക്കുന്ന ഗോത്ര സാരഥി, എക്സൈസിന്റെ ജനമൈത്രി, കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രി എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെ കമ്മീഷൻ അഭിനന്ദിച്ചു.
മികച്ച ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിന് പ്രാദേശികമായി തന്നെ ഡോക്ടർമാരെയും പാരാ മെഡിക്കൽ സ്റ്റാഫിനെയും നിയോഗിച്ച് പ്രത്യേക പരിശീലനം നൽകി ആദിവാസി മേഖലയിൽ തന്നെ തുടരാനുളള സംവിധാനങ്ങളൊരുക്കണമെന്നും കമ്മീഷൻ അറിയിച്ചു. ഇന്ന് രാവിലെ ഒന്‍പതിന് കമ്മീഷൻ മധുവിന്റെ വീട് സന്ദർശിക്കും.
എൻ.സി.എസ്.ടി സെക്രട്ടറി രാഘവ് ചന്ദ്ര, സീനിയർ ഇൻവെസ്റ്റിഗേറ്റർ ആർ.എസ് മിശ്ര ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സെക്രട്ടറി ബി. ശ്രീനിവാസ്, പട്ടികവർഗ വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.വി.വേണു, നോർത്ത് സോണ്‍ ഡി.ജി.പി രാജേഷ് ദിവാൻ, സെൻട്രൽ സോണ്‍ ഐ.ജി എം.ആർ. അജിത്കുമാർ, ജില്ലാ കലക്ടർ ഡോ.പി.സുരേഷ് ബാബു, ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാർ, ഒറ്റപ്പാലം സബ്കലക്റ്റർ ജെറോമിക് ജോർജ്ജ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.