തൃശൂർ: പട്ടികജാതി – പട്ടികവർഗക്കാർക്കുള്ള സഹായ ലഭ്യതയുടെയും സമീപനത്തിന്റെയും കാര്യത്തിൽ തൃശൂർ മറ്റു ജില്ലകൾക്കു മാതൃകയാണെന്നു പട്ടികജാതി പട്ടികവർഗ കമ്മീഷൻ ചെയർമാൻ ബി.എസ്. മാവോജി പറഞ്ഞു.
തൃശൂർ ജില്ലയിൽ നടന്ന കമ്മീഷന്റെ ആദ്യ അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോലീസ് സ്റ്റേഷൻ, ഭൂപട്ടയം സംബന്ധിച്ച പരാതികളാണ് അദാലത്തിൽ ഏറെയും ലഭിച്ചതെന്നു കമ്മീഷൻ ചെയർമാൻ പറഞ്ഞു. പോലീസ് സ്റ്റേഷനുകളിൽനിന്നു നീതി കിട്ടുന്നില്ല, പരാതികളിന്മേൽ ഗൗരവമനുസരിച്ച് നടപടികൾ എടുക്കുന്നില്ല തുടങ്ങിയ പരാതികളാണ് പോലീസുമായി ബന്ധപ്പെട്ടു കമ്മീഷനു ലഭിക്കുന്നത്.
ഇത്തരത്തിൽ അഞ്ച് കേസുകൾ തൃശൂരിൽ ലഭിച്ചിട്ടുണ്ട്. മറ്റ് ജില്ലകളെ അപേക്ഷിച്ച് കുറവാണിതെന്നു കമ്മീഷൻ പറഞ്ഞു. ആദ്യദിനത്തിൽ 95 കേസുകളാണ് പരിഗണിച്ചത്. 61 കേസുകൾ തീർപ്പാക്കി. 29 കേസുകൾ വിവിധ റിപ്പോർട്ടുകൾക്കും വിശദീകരണങ്ങൾക്കും തുടരന്വേഷണങ്ങൾക്കുമായി മാറ്റിവച്ചു. 31 പുതിയ പരാതികളും ആദ്യഅദാലത്തിൽ ലഭിച്ചു. അദാലത്ത് ഇന്നും തുടരും.