ചെന്നൈ: തമിഴ്നാട്ടിൽ ദളിത് യുവാവിനെ ആൾക്കൂട്ടം മർദിച്ചുകൊന്ന സംഭവത്തിൽ ഏഴു പേർ അറസ്റ്റിൽ. കൂടുതൽപേർക്ക് സംഭവത്തിൽ പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
കാരൈ ഗ്രാമത്തിൽ താമസിക്കുന്ന ശക്തിവേൽ(24) ആണ് കഴിഞ്ഞദിവസം പെരിയതച്ചൂരിനടുത്തു നടന്ന ആൾക്കൂട്ടാക്രമണത്തിൽ കൊല്ലപ്പെട്ടത്. യുവാവിന്റെ കുടുംബത്തിന് ജില്ലാ ഭരണകൂടം 4.12 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
12-നു നടന്ന ആക്രമണത്തിന്റെ വീഡിയോദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പെട്രോൾ പന്പ് ജീവനക്കാരനായ ശക്തിവേൽ ഉച്ചഭക്ഷണശേഷം ജോലിസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം.
പെട്രോൾ തീർന്നതിനാൽ പാതിവഴിയിൽ ബൈക്ക് നിന്നുപോയിരുന്നു. പിന്നീട് ബൈക്ക് തള്ളിക്കൊണ്ടുപോയ യുവാവ് ഈ വിവരം ഫോണിൽ വിളിച്ച് വീട്ടിൽ അറിയിച്ചിരുന്നു. വയറുവേദന അനുഭവപ്പെടുന്നതായും സഹോദരിയോട് പറഞ്ഞിരുന്നു.
വേദന കലശലായതോടെ അടുത്തുള്ള തോട്ടത്തിൽ പോയി മലവിസർജനം നടത്തിയശേഷം വസ്ത്രം ധരിക്കുന്നതിനിടെ ശക്തിവേലിനെ തോട്ടത്തിലുണ്ടായിരുന്ന സ്ത്രീ കണ്ടു. ഇയാൾ നഗ്നത പ്രദർശിപ്പിക്കുകയാണെന്നു തെറ്റിദ്ധരിച്ച ഇവർ ബഹളംവെച്ച് ആളെക്കൂട്ടി.
ഓടിയെത്തിയ ഇവരുടെ ഭർത്താവും മറ്റ് അഞ്ചുപേരും യുവാവിനെ മർദിച്ചു. അക്രമികളിലൊരാൾ വിവരമറിയിച്ചതിനെത്തുടർന്ന് ശക്തിവേലിന്റെ സഹോദരിയും ബന്ധുവും സ്ഥലത്തേക്കെത്തി. അപ്പോഴേക്കും ആൾക്കൂട്ടത്തിന്റെ മർദനമേറ്റ് ശക്തിവേൽ അവശനായിരുന്നു.
പിന്നീട് പോലീസിടപെട്ട് യുവാവിനെ സഹോദരിയുടെകൂടെ വീട്ടിലേക്കയച്ചു. പാതിവഴിയിൽ യുവാവ് അബോധാവസ്ഥയിലായതോടെ ആംബുലൻസ് വിളിച്ചുവരുത്തി. മെഡിക്കൽ സംഘത്തിന്റെ പരിശോധനയിൽ യുവാവ് മരിച്ചെന്ന് സ്ഥിരീകരിച്ചു.
സംഭവത്തിൽ ശക്തിവേലിന്റെ സഹോദരിയുടെ പരാതിപ്രകാരം കേസെടുത്ത പോലീസ് ഏഴു പ്രതികളെ പിടികൂടി. അറസ്റ്റിലായവരിൽ മൂന്നു പേർ സ്ത്രീകളാണ്. ലൈംഗികാതിക്രമത്തിന് മുതിരുകയാണെന്നു തെറ്റിദ്ധരിച്ചാണ് ആക്രമണം നടത്തിയതെന്നാണ് ഇവർ മൊഴി നൽകിയിരിക്കുന്നത്.
എന്നാൽ, ദളിതനായതിനാലാണ് അതിക്രമം നടത്തിയതെന്നാണ് സഹോദരിയുടെ ആരോപണം. ശക്തിവേൽ പട്ടികജാതിയിൽപ്പെട്ടയാളാണ്. ആക്രമിച്ചവർ വാണിയർ വിഭാഗക്കാരും. ശക്തിവേലിന്റെ കൈയിൽ ആധാർ കാർഡുണ്ടായിരുന്നെന്നും അതിൽ നിന്നാണ് ജാതി മനസിലായതെന്നാണ് സഹോദരിയുടെ ആരോപണം.