ഏങ്ങണ്ടിയൂർ (തൃശൂർ): ഏങ്ങണ്ടിയൂരിൽ ആത്മഹത്യ ചെയ്ത ദളിത് യുവാവ് വിനായകന്റെ പിതാവ് ആവശ്യപ്പെട്ടതനുസരിച്ച് സിബിഐ അന്വേഷണത്തിനു ശിപാർശ ചെയ്യുമെന്നു ദേശീയ പട്ടികജാതി കമ്മീഷൻ വൈസ് ചെയർമാൻ എൽ. മുരുകൻ. വിനായകന്റെ വീട് സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോൾ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വീട്ടുകാർ തൃപ്തരല്ലെന്നും അദ്ദേഹം പറഞ്ഞു.
വിനായകൻ കേസിലും തിരുവനന്തപുരം ശ്രീകാര്യത്ത് രാജേഷ് കൊല്ലപ്പെട്ട സംഭവത്തിലും കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.തന്റെ മകനു നീതികിട്ടണമെന്നും ഭർത്താവിനെയും കേസിൽ കുടുക്കാൻ പോലീസ് ശ്രമിക്കുന്നതായും വിനായകന്റെ അമ്മ ഓമന പൊട്ടിക്കരഞ്ഞുകൊണ്ട് കമ്മീഷനോടു പറഞ്ഞു.
വിനായകന്റെ കുടുംബത്തിനുള്ള ധനസഹായ തുകയായ 4.12 ലക്ഷം രൂപ മൂന്നുദിവസത്തിനകം നൽകണമെന്നു ജില്ലാ പട്ടികജാതി വികസന ഓഫീസർക്കു വൈസ് ചെയർമാൻ നിർദേശം നൽകി. വിനായകന്റെ മരണം സംബന്ധിച്ച വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ പോലീസിനോടും രാമനിലയം ഗസ്റ്റ്ഹൗസിൽ നടത്തിയ യോഗത്തിൽ കമ്മീഷൻ ആവശ്യപ്പെട്ടു. റിപ്പോർട്ട് പരിശോധിച്ചശേഷം കമ്മീഷൻ തുടർനടപടികൾ സ്വീകരിക്കും.
വിനായകന്റെ രക്ഷിതാക്കൾക്കു പെൻഷൻ അനുവദിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കാൻ കമ്മീഷൻ നിർദേശം നൽകി. വിനായകനെ പോലീസ് സ്റ്റേ ഷനിൽ പീഡിപ്പിച്ചെന്ന പരാതിയിൽ രണ്ട് സിവിൽ പോലീസ് ഓഫീസർമാരെ സസ്പെൻഡ് ചെയ്തെന്നും വകുപ്പുതല അന്വേഷണം നടക്കുകയാണെന്നും ക്രൈംബ്രാഞ്ചിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്നും സിറ്റി പോലീസ് കമ്മീഷണർ ടി. നാരായണൻ കമ്മീഷനെ അറിയിച്ചു. മരണത്തെക്കുറിച്ച് കമ്മീഷൻ സ്വമേധയാ അന്വേഷണം നടത്തുമെന്നും കമ്മീഷൻ അറിയിച്ചു.