തൃശൂർ: കേരളത്തിൽ പട്ടികജാതിക്കാരുടെ അവസ്ഥ മെച്ചമാണെന്നു തെറ്റായ പ്രചാരണം നടക്കുന്നുണ്ടെന്നു ദേശീയ പട്ടികജാതി കമ്മീഷൻ ഉപാധ്യക്ഷൻ എൽ. മുരുകൻ. സംസ്ഥാനത്തു ഭൂരിപക്ഷം പട്ടികജാതി പിന്നോക്കവിഭാഗക്കാരും സ്വന്തമായി ഭൂമിയില്ലാത്തവരാണെന്നും അവസ്ഥ ദയനീയമാണെന്നും അദ്ദേഹം പറഞ്ഞു.
കെപിഎംഎസ് സംഘടിപ്പിച്ച ഭൂഅധിനിവേശ യാത്രയുടെ ഭാഗമായുള്ള മഹാറാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പട്ടികജാതിക്കാർക്കു നേരെയുള്ള അതിക്രമങ്ങളുടെ കാര്യത്തിലും കേരളം മുന്നിലാണ്. പട്ടികജാതിക്കാർ കൊല്ലപ്പെടുന്ന സംഭവങ്ങളിൽപോലും അവർക്കു നീതി ലഭിക്കുന്നില്ല. പട്ടികജാതി പീഡന നിയമപ്രകാരം പ്രതികൾക്കെതിരെ കേസെടുക്കുന്നില്ല.
തിരുവനന്തപുരത്തെ രാജേഷ് വധം, വിഷ്ണു, അനിൽകുമാർ എന്നിവരുടെ കൊലപാതകങ്ങൾ, തൃശൂരിലെ വിനായകൻ, നിർമൽ കുമാർ എന്നിവരുടെ കേസുകൾ എന്നിവയിലൊന്നും പ്രതികൾക്കെതിരെ പട്ടികജാതി പീഡനനിയമപ്രകാരം കേസെടുക്കാൻ പോലീസ് തയാറായിരുന്നില്ല. രാഷ്ട്രീയ കാരണങ്ങളാണ് ഇതിനു പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
കെപിഎംഎസ് പ്രസിഡന്റ് എൻ.കെ. നീലകണ്ഠൻ അധ്യക്ഷനായി. ഉപദേശകസമിതി ചെയർമാൻ ടി.വി. ബാബു മുഖ്യപ്രസംഗം നടത്തി. ജനറൽ സെക്രട്ടറി തുറവൂർ സുരേഷ്, ട്രഷറർ ഡോ. പി.പി. വാവ, ഐ. ബാബു കുന്നത്തൂർ, മുളവന തന്പി, ഡോ. എൻ.വി. ശശിധരൻ, ഡി. സുഭലൻ, ഡോ. ശിവാനന്ദൻ, പി. ശശികുമാർ, ശ്രീനിവാസബാബു, ടി.പി. ശശാങ്കൻ, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. വേലായുധൻ, വെണ്ണിക്കുളം മാധവൻ, പി.സി. ശിവരാജ്, പി.കെ. ബിന്ദു, പി.കെ. സുബ്രൻ, സി.എ. ശിവൻ, എൻ.വി. ഗംഗാധരൻ തുടങ്ങിയവർ പ്രസംഗിച്ചു.