കൊച്ചി: ഉന്നത പഠനത്തിനായി ആദിവാസി ദളിത് വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ നല്കുന്ന ഇ ഗ്രാന്‍ഡ് മുടങ്ങിയിട്ട് രണ്ടു വര്‍ഷം പിന്നിട്ടതോടെ വിദ്യാര്‍ഥികള്‍ ദുരിതത്തില്‍. ഇ ഗ്രാന്‍ഡ് സ്കോളര്‍ഷിപ്പ് വിതരണം ചെയ്യാനുള്ള കുടിശിക 548 കോടി രൂപയെന്നാണ് ലഭ്യമാകുന്ന കണക്കുകള്‍. പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് 122.16 കോടിയും പട്ടികവര്‍ഗ വിഭാഗത്തിന് 16.53 കോടിയും നല്‍കാനുണ്ട്.
പട്ടികജാതി വിദ്യാര്‍ഥികളുടെ ലംപ്സം ഗ്രാന്റ് 6.26 കോടി രൂപ, ഫീസ്/ഹോസ്റ്റല്‍ ഫീസ് 23.15 കോടി രൂപ, ഫെലോഷിപ്പ് 2.40 കോടി രൂപ, സംസ്ഥാന അക്കാദമിക് അലവന്‍സ് 5.43 കോടി എന്നിങ്ങനെ ആകെ 122.16 കോടി രൂപ കുടിശികയുണ്ട്. പട്ടികവര്‍ഗ വിഭാഗത്തിന്റെ ഫീസ്/ഹോസ്റ്റല്‍ ഫീസ് 15.24 കോടി രൂപയാണ്. മറ്റുള്ളവര്‍ക്ക് 1.29 കോടി രൂപയും.
2022 – 23, 2023 – 24 അധ്യയന വര്‍ഷങ്ങളിലെ അപ്രൂവല്‍ ലഭിച്ച ഇ ഗ്രാന്‍ഡ്സ് പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പ് ക്ലെയിമുകള്‍ 2023-24 വര്‍ഷത്തെ പോസ്റ്റ്മെട്രിക് സ്കോളര്‍ഷിപ്പിന്റെ ബജറ്റ് ശീര്‍ഷകങ്ങളില്‍ ലഭ്യമായ തുക പൂര്‍ണമായും വിനിയോഗിച്ച് വിതരണം ചെയ്തു. സമയബന്ധിതമായി അപേക്ഷ സമര്‍പ്പിക്കാത്ത വിദ്യാര്‍ഥികള്‍ പിന്നീട് അപേക്ഷ സമര്‍പ്പിക്കുന്നത് മൂലം ബജറ്റ് ശീര്‍ഷകങ്ങളെക്കാള്‍ കൂടുതല്‍ തുക ആവശ്യമായി വരുന്ന സാഹചര്യമുണ്ടായി. തുക പൂര്‍ണമായും വിനിയോഗിച്ചു കഴിഞ്ഞതിനു ശേഷം അപ്രൂവലായി വന്ന വര്‍ഷത്തെ ഇ ഗ്രാന്റ്സ് സ്കോളര്‍ഷിപ്പ് ക്ലെയിമുകളുടെ തുക ഇനി വിതരണം ചെയ്യാനുണ്ട്.
കുടുംബ വാര്‍ഷിക വരുമാനം 2.50 ലക്ഷം വരെയുള്ള പോസ്റ്റ് മെട്രിക് പട്ടികജാതി വിദ്യാര്‍ഥികളുടെ ഫീസ്, കേന്ദ്ര നിരക്കിലുള്ള അക്കാഡമിക് അലവന്‍സ് എന്നീ ഇനങ്ങളിലെ ആകെ തുകയുടെ 40 ശതമാനം സംസ്ഥാന സര്‍ക്കാരും 60 ശതമാനം കേന്ദ്ര സര്‍ക്കാരുമാണ് നല്‍കുന്നത്. പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് 25 ശതമാനം സംസ്ഥാന സര്‍ക്കാരും 75 ശതമാനം കേന്ദ്ര സര്‍ക്കാരും വഹിക്കുന്നു. ശേഷിക്കുന്ന എല്ലാ ഇനങ്ങളിലും 100 ശതമാനം തുകയും സംസ്ഥാന സര്‍ക്കാരാണ് നല്‍കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളതിനേക്കാള്‍ ഉയര്‍ന്ന നിരക്കിലാണ് സംസ്ഥാന സര്‍ക്കാര്‍ എല്ലാ വിഭാഗത്തിലുള്ള വിദ്യാര്‍ഥികള്‍ക്കും അലവന്‍സുകള്‍ നല്‍കുന്നത്.
2.5 ലക്ഷം വരുമാന പരിധി വരെയുള്ളവര്‍ക്ക് മാത്രമെ സ്കോളര്‍ഷിപ്പിന്റെ കേന്ദ്ര വിഹിതം ലഭിക്കുകയുള്ളൂ. എന്നാല്‍ വരുമാന പരിധി ബാധകമാക്കാതെ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ തുക പൂര്‍ണമായും അനുവദിച്ചു. വിദ്യാര്‍ഥികള്‍ക്ക് ലഭിക്കേണ്ട ഗ്രാന്‍ഡുകള്‍ രണ്ടുവര്‍ഷത്തിലധികമായി മുടങ്ങിയതിനാല്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പഠനം ഉപേക്ഷിക്കേണ്ട സാഹചര്യമുണ്ടായിട്ടുണ്ട്. കോഴ്സുകള്‍ കഴിഞ്ഞിട്ടും സ്ഥാപനങ്ങള്‍ക്ക് ലഭിക്കേണ്ട ട്യൂഷന് ഫീസും, മറ്റ് ഫീസുകളും ലഭിക്കാത്തതിനാല്‍ കോളജ് അധികൃതര്‍ വിദ്യാര്‍ഥികള്‍ക്ക് ടിസി നല്‍കുന്നുമില്ല.
പഠനകാലത്ത് ഉപജീവനത്തിന് ലഭിക്കേണ്ട ഹോസ്റ്റല്‍ അലവന്‍സുകള്‍ ലഭിക്കാത്തതിനാല്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവരുന്നവര്‍ നിരവധിയാണ്. ഏറെ പഴഞ്ചനായ നിരക്ക് മാത്രമാണ് ഹോസ്റ്റല്‍ അലവന്‍സുകള്‍ക്ക് നിശ്ചയിച്ചിരിക്കുന്നത്.
തുകയിലും വിവേചനം
സര്‍ക്കാര്‍/കോളജ് ഹോസ്റ്റലില്‍ താമസിക്കുന്നവര്‍ക്ക് പ്രതിമാസം 3500 രൂപയാണ് നല്‍കുന്നത്. സ്വകാര്യഹോസ്റ്റലില്‍ താമസിക്കുകയാണെങ്കില്‍ പട്ടിക വര്‍ഗക്കാര്‍ക്ക് 3000 രൂപയും, പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് 1500 രൂപയും മാത്രമാണ് സര്‍ക്കാര്‍ വാഗ്ദാനം. പോക്കറ്റ് മണി പ്രതിമാസം 200 രൂപയും, ലംപ്സം ഗ്രാന്റ് (ഡിഗ്രി/പ്ലസ് ടു കാര്‍ക്ക്) 1400 രൂപയുമാണ്. പരിമിതമായ ഈ തുകയും നല്‍കാത്തതാണ് നിലവില്‍ പ്രതിസന്ധി സൃഷ്ടിച്ചത്.
സീമ മോഹന്‍ലാല്‍