പത്തനംതിട്ട: ജില്ലയിലെ വനത്തിനുള്ളിൽ കഴിയുന്ന ഗോത്രസമൂഹമായ മലന്പണ്ടാര ആദിവാസികൾക്കിടയിൽ രോഗങ്ങൾ വ്യാപകമാകുന്നു. പ്രത്യേക തരം ചൊറിയും ചിരങ്ങുമാണ് കുട്ടികൾ അടക്കമുള്ളവരെ പിടികൂടിയിരിക്കുന്നത്.
പകർച്ചവ്യാധി ഗുരുതരമായിട്ടും ഇവരുടെ ചികിൽസയ്ക്കായി ഇടപെടേണ്ട എസ്ടി പ്രൊമോട്ടർട്ടമാരുടെ അനാസ്ഥയും ചികിൽസയോടുള്ള വനവാസികളുടെ വിമുഖതും സ്ഥിതി അതീവ ഗുരുതരമാക്കുകയാണ്.
വനത്തിനുള്ളിൽ കഴിയുന്ന മിക്കവരിലും രോഗം പടരുന്നതായാണ് കണ്ടുവരുന്നത്. ളാഹ ബിഎസ്എൻഎൽ. മൊബൈൽ ടവറിനോടു ചേർന്ന് കഴിയുന്ന നാലു കുടുംബങ്ങളിലെ ആറോളം പേർക്ക് ചൊറിയും ചിരങ്ങും ബാധിച്ചിട്ടുണ്ട്. ഇതിനോടൊപ്പം നിലയ്ക്കൽ ശബരിമല ബേസ് ക്യാന്പിനു സമീപം താമസിക്കുന്ന നാലു കുട്ടികൾക്കും പൊന്നാന്പാറയിൽ മൂന്നു പേർക്കും ചൊറിയും ചിരങ്ങും ബാധിച്ചിട്ടുണ്ട്. മൂഴിയാർ വനമേഖലയിലെ 12 പേർക്കും സമാനസ്ഥിതിയിൽ രോഗബാധ കണ്ടെത്തിയിട്ടുണ്ട്.
വനത്തിനുള്ളിൽ കഴിയുന്ന മലന്പണ്ടാരങ്ങൾക്കിടയിൽ ചൊറിയും ചിരങ്ങും രോഗം വ്യാപകമായിരുന്നതായി ഇവർക്കിടയിൽ കഴിഞ്ഞ ഒന്നര വർഷമായി രോഗപ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഡോ. ലക്ഷ്മി ആർ. പണിക്കർ പറയുന്നു. ഇപ്പോൾ രോഗത്തിന്റെ തീവ്രത കുറഞ്ഞിട്ടുണ്ട്. രോഗം കണ്ടുവരുന്നവരുടെ എണ്ണത്തിൽ ഇത് പ്രകടമാണെന്നും ഡോക്ടർ പറഞ്ഞു.
അനാരോഗ്യകരമായ ചുറ്റുപാടിലുള്ള ജീവിതമാണ് പേൻ വർഗത്തിൽപെടുന്ന ജീവി പടർത്തുന്ന ഈ രോഗത്തിന്റെ മൂല കാരണം. ഇതിനോടൊപ്പം മണ്ണിനോട് ഇടപഴകി ജീവിതം നയിക്കുന്നതിനാൽ ഫംഗസും രോഗം കലശലാകും. മലന്പണ്ടാര ആദിവാസികൾക്കിടയിൽ നടത്തിയ ശാരീരിക പരിശോധനകളിൽ വിളർച്ചാ രോഗം വ്യാപകമാണെന്നും കണ്ടെത്തി. പ്രത്യേകിച്ചും ആവണിപ്പാറ മേഖലയിൽ അടിയന്തര ചികിൽസ അനിവാര്യമായ സാഹചര്യമാണ് നിലനിൽക്കുന്നത്.