തിരുവനന്തപുരം: കെഎസ്ആർടിസി വാടകയ്ക്കെടുത്തു സർവീസ് നടത്തുന്ന സ്കാനിയ ബസുകളുടെ നാലു ഷെഡ്യൂളുകളും നഷ്ടത്തിൽ! കഴിഞ്ഞ ഒന്നിന് ആരംഭിച്ച നാല് അന്തർസംസ്ഥാന സർവീസുകളിൽ ഒന്നുപോലും ലാഭത്തിലല്ല. ദിവസവും ബംഗളുരുവിലേക്കു മൂന്നു സർവീസുകളും മൂകാംബികയിലേക്ക് ഒരു സർവീസുമാണു വാടക സ്കാനിയ ബസുകൾ ഇപ്പോൾ നടത്തുന്നത്. ബംഗളുരുവിലേക്കു സർവീസ് നടത്തിയ മൂന്നു ബസുകൾ 63,642 രൂപ നഷ്ടമുണ്ടാക്കിയപ്പോൾ മൂകാംബികയിലേക്കു സർവീസ് നടത്തിയ ബസ് 33,241 രൂപയുടെ നഷ്ടമാണ് ആദ്യ ഷെഡ്യൂളിൽ ഉണ്ടാക്കിയത്.
കഴിഞ്ഞ ഒന്നിന് ഉച്ചകഴിഞ്ഞ് രണ്ടിനു ബംഗളുരുവിലേക്കു സർവീസ് നടത്തിയ ബസിന്റെ കളക്ഷൻ 87,719 രൂപയായിരുന്നു. 1,575 കിലോമീറ്ററായിരുന്നു യാത്ര. ഇതിൽ 36,225 രൂപ വാടകയായി സ്കാനിയ കന്പനിക്കു നൽകണം. ഒരു ലിറ്റർ ഡീസലിനു രണ്ടു കിലോമീറ്ററാണ് സ്കാനിയ ബസുകളുടെ ഇന്ധനക്ഷമത. ഇതുപ്രകാരം 50,400 രൂപയുടെ ഡീസൽ വേണ്ടിവന്നു. ബംഗളുരു സർവീസ് അഞ്ചു ഡ്യൂട്ടിയായി പരിഗണിക്കുന്പോൾ കണ്ടക്ടറുടെ ശന്പളം 5,000 രൂപ. ആകെ ചെലവാകുന്നത് 91,625 രൂപ. ലഭിച്ച കളക്ഷനാകട്ടെ 87,719 രൂപ മാത്രം. നഷ്ടം 3,906 രൂപ.
ഉച്ചകഴിഞ്ഞ് 3.15ന് പുറപ്പെട്ട സ്കാനിയ ബസ് 41,792 രൂപയുടെ നഷ്ടമാണുണ്ടാക്കിയത്. 51,428 രൂപ കളക്ഷൻ ലഭിച്ചപ്പോൾ വാടകയായി 36,892 രൂപയും ഡീസൽ ഇനത്തിൽ 51,328 രൂപയും കണ്ടക്ടറുടെ ശന്പളമായി 5,000 രൂപയും ചെലവായി.
വൈകുന്നേരം അഞ്ചിനു ബംഗളുരുവിലേക്കു പുറപ്പെട്ട സ്കാനിയും ലാഭത്തിലായിരുന്നില്ല സർവീസ് പൂർത്തിയാക്കിയത്. വാടകയിനത്തിൽ 36,225 രൂപയും ഡീസൽ ഇനത്തിൽ 50,400 രൂപയും ചെലവു വന്നപ്പോൾ ലഭിച്ച കളക്ഷനാകട്ടെ 73,681 രൂപ. നഷ്ടം 17,944 രൂപ.
ഉച്ചകഴിഞ്ഞ് നാലിന് തിരുവനന്തപുരത്തുനിന്നു മൂകാംബികയിലേക്കു സർവീസ് നടത്തിയ സ്കാനിയ ബസ് 33,241 രൂപയുടെ നഷ്ടം വരുത്തി. വാടകയും ഡീസലും മറ്റുമായി 94,815 രൂപ ചെലവായപ്പോൾ കളക്ഷനായി ലഭിച്ചത് 61574 രൂപ മാത്രം.
അതേസമയം, കെഎസ്ആർടിസി സ്കാനിയ ബസുകൾ വാടകയ്ക്കെടുത്തു സർവീസ് നടത്തുന്നതിൽ വ്യാപക എതിർപ്പാണ് ജീവനക്കാരുടെ ഭാഗത്തുള്ളത്. നിലവിൽ സർവീസ് നടത്തിയിരുന്ന സ്കാനിയ ബസുകൾ പിൻവലിച്ചാണു വാടക സ്കാനിയ ബസുകൾ സർവീസ് നടത്തുന്നത്. ഇതോടെ ഈ റൂട്ടും വാടക സ്കാനിയ ബസുകൾക്കായി. കെഎസ്ആർടിസി സ്വകാര്യവത്കരിക്കുന്നതിന്റെ ഭാഗമായാണു സ്കാനിയ ബസുകൾ വാടകയ്ക്ക് എടുത്തതെന്നാണു ജീവനക്കാരുടെ ആക്ഷേപം. അതേസമയം, വരും ദിവസങ്ങളിൽ വാടക സ്കാനിയ സർവീസ് ലാഭത്തിലെത്തിക്കാമെന്നാണ് കെഎസ്ആർടിസി മാനേജ്മെന്റിന്റെ കണക്കുകൂട്ടൽ.
റിച്ചാർഡ് ജോസഫ്