അടൂര്‍: എംആര്‍ഐ സ്കാനിംഗിനെത്തിയ യുവതി വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ യുവാവ് അന്‍ജിത്തിനെ കസ്റ്റഡിയില്‍ വാങ്ങി അന്വേഷണം നടത്താന്‍ പോലീസ്.
കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന അന്‍ജിത്ത് മുമ്പും ഇത്തരം കുറ്റകൃത്യങ്ങള്‍ നടത്തിയതായി തെളിഞ്ഞതിനേ തുടര്‍ന്നാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. ആരോഗ്യവകുപ്പും സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണ്.
സ്കാനിംഗ് സെന്ററുമായി ബന്ധപ്പെട്ട് സ്ത്രീകളുടെ ഇരുപതോളം ദൃശ്യങ്ങള്‍ ഇയാളുടെ മൊബൈലില്‍ ഉള്ളതായി പോലീസിനു പ്രാഥമിക വിവരം ലഭിച്ചു.
എട്ട് ദൃശ്യങ്ങള്‍ വീണ്ടെടുക്കാനായി. മറ്റുള്ളവ സൈബര്‍ സെല്ലിന്റെ സഹായത്തോടെ വീണ്ടെടുക്കും. സംഭവത്തില്‍ പരാതി നല്കിയ യുവതിയുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ അവര്‍തന്നെ മായ്ച്ചിരുന്നു.
ഇതുള്‍പ്പെടെ പരാതിക്ക് തെളിവായി ഹാജരാക്കണമെന്നതിനാല്‍ സൈബര്‍ സെല്ല് കേസില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
നീക്കം ചെയ്ത ദൃശ്യങ്ങള്‍ വീണ്ടെടുക്കുന്നതിനായി മൊബൈല്‍ ഫോണ്‍ തിരുവനന്തപുരം ഫോറന്‍സിക് ലാബിലേക്ക് അയച്ചതായി അടൂര്‍ ഡിവൈഎസപി ബിനു പറഞ്ഞു.
അറസ്റ്റിലായ അന്‍ജിത് നേരത്തെ ഇവരുടെ തന്നെ തിരുവനന്തപുരത്തെ സ്ഥാപനത്തില്‍ ജോലി നോക്കിയ സമയം അവിടെ സ്കാനിംഗിനെത്തിയ സ്ത്രീകളുടെദൃശ്യങ്ങളും പകര്‍ത്തിയിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
അടൂരില്‍ സമീപകാലത്താണ് ദേവി സ്കാന്‍സ് പ്രവര്‍ത്തനം തുടങ്ങിയത്. എംആര്‍ഐ സ്കാനിംഗിനെത്തുന്നവര് പ്രത്യേക വസ്ത്രം ധരിക്കേണ്ടതുണ്ട്.
ഇതിനായി വസ്ത്രം സൂക്ഷിച്ചിരിക്കുന്ന മുറിയില്‍ കയറുന്ന സ്ത്രീകളുടെ ദൃശ്യങ്ങളാണ് പകര്ത്തിവന്നത്. വസ്ത്രം സൂക്ഷിച്ചിട്ടുള്ള അലമാരയില്‍ നിന്നാണ് ഏഴംകുളം സ്വദേശി ഫോണ്‍ കണ്ടെടുത്തത്.