അമ്മയാകാൻ പോകുന്ന എല്ലാവരും ഏറെ ആകാംക്ഷയോടെയാണ് ഓരോ സ്കാനിനും പോകുന്നത്.
തന്റെയുള്ളിൽ വളരുന്ന കുഞ്ഞു ജീവന്റെ ആരോഗ്യത്തെക്കുറിച്ചുള്ള വിവരങ്ങൾ അറിയാം, കുഞ്ഞിന്റെ അനക്കം കാണാം എന്നിങ്ങനെ ആകാംക്ഷ വർധിപ്പിക്കുന്ന ഒരുപാടു കാരണങ്ങളുമുണ്ട്.
ഏഴാം മാസത്തിലെ സ്കാൻ ചെയ്യുന്നതിനായാണ് ഹന്ന എന്ന മുപ്പത്തിയാറുകാരി ആശുപത്രിയിലെത്തിയത്.
എന്നാൽ, കഴിഞ്ഞ ആറു മാസവും വയറിനുള്ളിൽ കാണാത്ത ഒരു രൂപം കൂടി ഏഴാം മാസത്തിലെ സ്കാനിൽ ഹന്ന കണ്ടു.
കുഞ്ഞല്ലാതെ ഒരു ഗർഭിണിയുടെ വയറിനുള്ളിൽ ആരു വരാനാണ് എന്നറിയേണ്ടേ? അതൊരു ഹണി മോൺസ്റ്റർ ആണ്.
ഒളിച്ചിരുന്നത്
സ്കാനിംഗിൽ ഹണി മോൺസ്റ്ററിന്റെ രൂപത്തോടു സാമ്യം പുലർത്തുന്ന എന്തോ ഒന്ന് ഹന്നയുടെ വയറിനുള്ളിൽ കാണാം. എന്നാൽ ഇതു തിരിച്ചറിഞ്ഞത് ഹന്നയോ സോണോഗ്രഫറോ അല്ല.
സ്കാനിന്റെ ചിത്രം സമൂഹമാധ്യമത്തിൽ ഹന്ന പങ്കുവച്ചിരുന്നു. അപ്പോഴാണ് ചിത്രത്തിനു താഴെ ഓരോരുത്തരായി കമന്റ് ചെയ്യാൻ തുടങ്ങിയത്. “സ്കാനിംഗ് നടക്കുന്പോൾ വയറിനുള്ളിൽ ഓലി ഭയങ്കരമായി രസിച്ച് അനങ്ങുന്നുണ്ടായിരുന്നു.
എന്റെ ശ്രദ്ധ മുഴുവൻ അവനിലായിരുന്നു. ഓലിയുടെ പ്രകടനം കണ്ട് ഞാനും സ്കാനിംഗ് നടത്തിയ സോണോഗ്രഫറും ചിരിക്കുകയായിരുന്നു.
അതിനിടയിൽ ഞങ്ങളെ തുറിച്ചു നോക്കുന്ന ഹണിമോൺസ്റ്റർ ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടില്ല.’ ഹന്ന പറയുന്നു.
ഹണിമോൺസ്റ്ററോടു സാമ്യമുള്ള ഈ രൂപം എന്താണെന്നു ഡോക്ടർമാർക്കും വ്യക്തമായിട്ടില്ല.
ഗർഭപാത്രത്തിലെ ചലനങ്ങൾക്കനുസരിച്ചു രൂപപ്പെട്ട ഒരു ദൃശ്യമാകുമെന്ന പ്രതീക്ഷയിലാണ് ഹന്നയും കുടുംബവും.
തേനിന്റെ രുചിയുള്ള, കോൺഫ്ലേക്സ് പോലുള്ള ഒരു പ്രാതൽ വിഭവമാണ് ഹണി മോൺസ്റ്റർ. തുടക്കത്തിൽ ഷുഗർ പഫ്സ് എന്നായിരുന്നു കന്പനി ഇതിനു നൽകിയ പേര്. 2014ലാണ് ഹണി മോൺസ്റ്റർ എന്നു പേര് മാറ്റിയത്.
ഭീമാകാരനും രോമാവൃതനുമായ മഞ്ഞ മാസ്കോട്ടാണ് പരസ്യങ്ങളിലൂടെ ഹണി മോൺസ്റ്ററിനെ പ്രശസ്തനാക്കിയത്. ഇതിനു തേനീച്ചയോടു സാമ്യമുണ്ട്.
കാത്തിരുന്ന കുഞ്ഞ്
ഗർഭം ധരിക്കുക എന്നത് ഹന്നയുടെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് അത്ര സുഖകരമായ ഒന്നല്ല.
പതിനെട്ടാം വയസിൽ ഹന്ന കാർന്നു തിന്നാനെത്തിയ കാൻസറിനോടുള്ള യുദ്ധത്തിൽ ജീവൻ തിരികെ കിട്ടിയെങ്കിലും ഹന്നയ്ക്ക് അവളുടെ ശ്വാസകോശം പകരം നൽകേണ്ടി വന്നു. കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ ഹന്നയ്ക്ക് നഷ്ടമായതു മൂന്നു കുഞ്ഞുങ്ങളെയാണ്.
ഓരോ പ്രാവശ്യവും ഹന്ന ഗർഭിണിയാണെന്നറിയുന്പോൾ ഹന്നയും ഭർത്താവ് ആദവും സന്തോഷംകൊണ്ടു തുള്ളിച്ചാടും.
എന്നാൽ, വിധി അവരെ കൈവിട്ടുകൊണ്ടേയിരുന്നു. അതുകൊണ്ടുതന്നെ ഓലിയെ ഗർഭം ധരിച്ചപ്പോൾ ഇരുവർക്കും വലിയ പ്രതീക്ഷയില്ലായിരുന്നു.
എന്നാൽ, അച്ഛന്റെയും അമ്മയുടേയും പ്രതീക്ഷകൾ തെറ്റിച്ചുകൊണ്ട് അമ്മയുടെ വയറിനുള്ളിൽ അവൻ വളർന്നു. അതുകൊണ്ടുതന്നെ ഓലിയെ അദ്ഭുതക്കുഞ്ഞ് എന്നാണ് ഹന്നയും ആദവും വിളിക്കുന്നത്.
എന്തായാലും ജനിക്കുന്നതിനു മുൻപു തന്നെ സ്കാനിംഗിന്റെ ചിത്രത്തിലൂടെ ലോകശ്രദ്ധ നേടുകയാണ് ഓലിയും ഹണി മോൺസ്റ്ററും. ചുരുങ്ങിയ സമയത്തിനുള്ളിൽ ആയിരങ്ങളാണ് ചിത്രം ഷെയർ ചെയ്തത്.