കോട്ടയം: കെഎസ്ആർടിസി സ്കാനിയ ബസുകളിൽ ഡ്രൈവർമാർ തന്നെ ടിക്കറ്റ് നല്കുന്ന പരിഷ്കാരം വിജയകരമാണെന്നു കോട്ടയം ഡിപ്പോ അധികൃതർ. കഴിഞ്ഞ മാസം ആദ്യമാണു കോട്ടയത്തുനിന്ന് ബംഗളൂരു വിലേക്കുള്ള സർവീസുകളിൽ കോട്ടയത്ത് ആദ്യമായി പരിഷ്കാരം നടപ്പിലാക്കിയത്. ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും ഡ്യൂട്ടിയുടെ എണ്ണം കുറച്ചു കെഎസ്ആർടിസിയെ ലാഭത്തിലാക്കാനുള്ള ലക്ഷ്യത്തോടെയാണു പരിഷ്കാരം നടപ്പിലാക്കിയത്.
കോട്ടയം ഡിപ്പോയിൽനിന്ന് വൈകുന്നേരം അഞ്ചിനും ആറിനും ആരംഭിക്കുന്ന ബംഗളൂരു സർവീസിലാണു ഡ്രൈവർ കം കണ്ടക്ടർ സർവീസ് നടപ്പാക്കിയത്. ഒരു ബസ് കോട്ടയത്തു നിന്നു ബംഗളൂരു വരെ പോയി വരുന്പോൾ ഒരു ജീവനക്കാരനു നാലു ഡ്യൂട്ടിയാണു ലഭിക്കുക. ഇത്തരത്തിൽ പന്ത്രണ്ടു ഡ്യൂട്ടിയാണു ബംഗളൂരു സർവീസിലൂടെ ജീവനക്കാർക്കു ലഭിച്ചിരുന്നത്.
കണ്ടക്ടർ കം ഡ്രൈവർ ഡ്യൂട്ടി നടപ്പാക്കിയതോടെ ഡ്യൂട്ടിയുടെ എണ്ണം എട്ടായി കുറഞ്ഞു. ദീർഘദൂര സർവീസുകൾ അപകടത്തിൽപ്പെടുന്നതിന്റെ കാരണം ഡ്രൈവർമാർക്ക് ആവശ്യത്തിനു വിശ്രമം ലഭിക്കാത്തതാണെന്നു കോർപ്പറേഷൻ മാനേജ്മെന്റ് നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.പുതിയ പദ്ധതിയിലൂടെ യാത്രയുടെ പകുതി ദൂരം വീതം ഡ്രൈവറും കണ്ടക്ടറും ജോലികൾ വച്ചുമാറും. ഇതിലൂടെ ഡ്രൈവർക്ക് അമിത ജോലിഭാരം ഒഴിവാകുകയും ചെയ്യും.
ദീർഘദൂര സർവീസ് നടത്തുന്ന വോൾവോ, സ്കാനിയ, സിൽവർ ജെറ്റ്, മിന്നൽ, ഡീലക്സ് സർവീസുകളിൽ ഇനി മുതൽ ഡ്രൈവർ കം കണ്ടക്ടർ രീതി ഭാവിയിൽ നടപ്പാക്കാനാണു മാനേജ്മെന്റ് ഉദേശിക്കുന്നത്. നാളുകൾക്കു മുന്പു ദീർഘദൂര സർവീസുകളിൽ ഡ്രൈവറെയും കണ്ടക്ടറെയും കൂടാതെ ഒരു അധിക ഡ്രൈവറെക്കൂടി നിയമിച്ചിരുന്നു.
കെഎസ്ആർടിസിയുടെ സാന്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഇതു നിർത്തലാക്കുകയായിരുന്നു. ഇതോടെയാണു ദീർഘദൂര സർവീസുകളിൽ കിലോമീറ്ററുകളോളം രാത്രിയും പകലുമായി ഒരാൾ തന്നെ ബസ് ഓടിക്കേണ്ട സാഹചര്യമുണ്ടായത്. ഡ്രൈവർ കം കണ്ടക്ടർ നടപ്പാക്കിയതോടെ ഇത് ഒരു പരിധി വരെ ഒഴിവാക്കാൻ സാധിക്കുന്നുണ്ടെന്നും കെഎസ്ആർടിസി അധികൃതർ പറയുന്നു.