സിനിമാ രംഗത്ത് ഭാഷാ ഭേദമില്ലാതെ പലവിധ തോന്ന്യവാസങ്ങളും നടക്കുന്നുണ്ട് എന്നത് ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. പലരും പ്രതികരിക്കാനും തങ്ങളുടെ അനുഭവങ്ങൾ തുറന്നുപറയാനും ധൈര്യം കാണിക്കുന്നു. സിനിമയിൽ അഭിനയിക്കുന്ന സ്ത്രീകൾ എന്തിനും വഴങ്ങുന്നവരാണ് എന്ന പൊതുബോധത്തിന്റെ മുഖമടച്ചൊരു അടി കൊടുത്തിരിക്കുകയാണ് സ്കാർലെറ്റ് വിൽസണ് എന്ന നടി. ബാഹുബലിയിലെ പ്രശസ്തമായ മനോഹരി എന്ന ഗാനത്തിലൂടെ അറിയപ്പെടുന്ന ഐറ്റം ഡാൻസറാണ് സ്കാർലെറ്റ്.
ബോളിവുഡ് ചിത്രമായ ഹൻസ ഏക് സൻയോഗ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് സംഭവം ഉണ്ടായത്. ഒരു ഗാനരംഗം ചിത്രീകരിക്കുന്നതിനിടെ ഉമാകാന്ത് എന്ന നടൻ സ്കാർലെറ്റിനോട് അപമര്യാദയായി പെരുമാറുകയായിരുന്നു. ആദ്യം മുടിയിലും പിന്നീടു കഴുത്തിലും തൊടാൻ ശ്രമിച്ചതോടെ ക്ഷമ നശിച്ച സ്കാർലെറ്റ് ഉമാകാന്തിന്റെ മുഖമടച്ച് നല്ലൊരു ചൂടൻ അടിവച്ചു കൊടുത്തു. എന്താണ് സംഭവിച്ചതെന്ന് ആദ്യം ആർക്കും മനസിലായില്ല. ചിത്രീകരണം നിർത്തിവെച്ച് എല്ലാവരും ഓടിയെത്തി. സ്കാർലെറ്റ് എന്താണ് നടന്നതെന്ന് വിശദീകരിക്കുകയും ചെയ്തു. ഈ വീഡിയോ ആകട്ടെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്.
താനൊന്നും ചെയ്തില്ലെന്ന് ഉമാകാന്ത് പറയുന്നത് വീഡിയോയിൽ കേൾക്കാം. നടിയോട് മാപ്പ് പറഞ്ഞില്ലെങ്കിൽ ഉമാകാന്തിനെ സിനിമയിൽ നിന്നും വിലക്കുന്നത് ഉൾപ്പെടെ ഉള്ള കടുത്ത നടപടികൾ സ്വീകരിക്കുമെന്നാണ് ചിത്രത്തിന്റെ നിർമ്മാതാവ് സുരേഷ് ശർമ്മ വ്യക്തമാക്കിയിരിക്കുന്നത്. ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയിൽ പരാതിയും നൽകുമെന്നു നിർമാതാവ് പറയുന്നു. ഇന്ത്യൻ സിനിമയിൽ പ്രവർത്തിക്കുന്ന ബ്രിട്ടീഷ് മോഡലും ഡാൻസറുമാണ് സ്കാർലെറ്റ്. ഹിന്ദി, തെലുങ്ക്, കന്നട, തമിഴ് ഭാഷകളിലായി 12 സിനിമകളിൽ ഇതിനകം സ്കാർലെറ്റ് ഐറ്റം ഡാൻസ് ചെയ്തുകഴിഞ്ഞു. ബാഹുബലിയിലെ ഐറ്റം ഡാൻസ് കൊണ്ടു തെന്നിന്ത്യൻ സിനിമാപ്രേക്ഷകർക്കു സുപരിചിതയാണ് സ്കാർലെറ്റ് ഇപ്പോൾ.