കണ്ണൂര്: സംസ്ഥാനത്ത് മുഴുവൻ ജില്ലകളിലും പഞ്ചായത്ത് അടിസ്ഥാനത്തിൽ സമൂഹ അടുക്കളകൾ തുറന്ന് സ്കൂളുകളിൽ ഉച്ചഭക്ഷണം പാകം ചെയ്യുന്നത് നിർത്തലാക്കാൻ നീക്കം.
സമൂഹ അടുക്കളകളിൽനിന്ന് സ്കൂളുകളിലേക്കുള്ള ഉച്ചഭക്ഷണം തയാറാക്കി വിതരണം നടത്തുന്ന രീതിയിൽ ക്രമീകരണമേർപ്പെടുത്താനാണ് ധാരണ.
പുതിയ പദ്ധതി സംസ്ഥാനത്തെ ആയിരക്കണക്കിന് സ്കൂൾ പാചകതൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെടുത്തും. സമൂഹ അടുക്കള നടത്തിപ്പ് കുടുംബശ്രീക്കോ ഗ്രൂപ്പുകൾക്കോ നൽകാമെന്നാണ് പ്രാഥമിക ധാരണ.
ഒരു പഞ്ചായത്തിലെ വിദ്യാലയങ്ങളിലേക്കുതന്നെ വലിയതോതിൽ ഭക്ഷണം പാചകം ചെയ്ത് എത്തിക്കേണ്ടതിനാൽ ഇത്എത്രത്തോളം ഫലപ്രദമാകുമെന്ന കാര്യത്തിലും ആശങ്കയുണ്ട്.
നിലവിൽ ഓരോ വിദ്യാലയത്തിലും അധ്യാപകരുടെയും പിടിഎയുടെയും മേൽനോട്ടത്തിലാണ് ഗുണമേൻമയോടു കൂടിയ ഉച്ചഭക്ഷണം തയാറാക്കി വിതരണം ചെയ്യുന്നത്.
ഭക്ഷണം പാചകം ചെയ്തു കഴിഞ്ഞാൽ ദിവസം ഒന്നോ രണ്ടോ രക്ഷിതാക്കൾ സ്കൂളിലെത്തി ഭക്ഷണം രുചിച്ചു നോക്കിയും കുഴപ്പമില്ലെന്ന് ഉറപ്പുവരുത്തിയതിനുശേഷം മാത്രമാണ് കുട്ടികൾക്ക് നൽകുന്നത്.
ഇതുസംബന്ധിച്ച് രജിസ്റ്ററും സൂക്ഷിക്കുന്നുണ്ട്. കൂടാതെ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും സന്ദർശനം നടത്തി ഗുണമേൻമ, ശുചിത്വം, പാചകം, വിതരണം എന്നിവ സംബന്ധിച്ച് വിലയിരുത്തൽ നടത്താറുണ്ട്.
പാചകം സമൂഹ അടുക്കളയിലേക്ക് മാറ്റുന്പോൾ ഇതെല്ലാം പാലിക്കപ്പെടുമെന്ന കാര്യത്തിൽ ആർക്കും ഒരുറപ്പും പറയാനുമാകില്ലെന്ന് സ്കൂൾ പാചകതൊഴിലാളി സംഘടന കണ്ണൂർ ജില്ലാ സെക്രട്ടറി അനിത സതീശ് പറഞ്ഞു.
സമൂഹ അടുക്കള ക്രമേണ വൻകിട കാറ്ററിംഗ് സ്ഥാപനങ്ങളുടെ കൈകളിലെത്തിപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും ഇവർ പറഞ്ഞു.
സമൂഹ അടുക്കള വഴിയുള്ള ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കുന്പോൾ തുച്ഛമായ വേതനമല്ലാതെ മറ്റൊരു ആനുകൂല്യവുമില്ലാതെ സ്കൂളുകളിൽ പാചകം ചെയ്ത് ഉപജീവനം നടത്തുന്ന വലിയൊരു വിഭാഗത്തിന്റെ ഭാവി ആശങ്കയിലാണ്.
സര്ക്കാര് നീക്കത്തിനെതിരേ എച്ച്എംഎസ് ഉൾപ്പെടെയുള്ള ഒരുവിഭാഗം യൂണിയനുകൾ സമരരംഗത്തുണ്ടെങ്കിലും പാചകം സമൂഹ അടുക്കളയിൽ മതിയെന്ന നിലപാടിലാണ് ചില ഭരണാനുകൂല അധ്യാപക സംഘടനകൾ.
സ്കൂളുകളിലെ പാചകത്തിന്റെ ഉത്തരവാദിത്വം തങ്ങളിൽനിന്ന് ഒഴിവായിക്കിട്ടുമെന്നതിനാലാണ് ചില അധ്യാപക സംഘടനകൾ ഇതിനെ അനുകൂലിക്കുന്നതെന്നും പറയപ്പെടുന്നു.