അഞ്ചല്‍ : അഞ്ചല്‍ ഈസ്റ്റ് സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വിനോദ യാത്ര പുറപ്പെടും മുമ്പ് സ്കൂള്‍ വളപ്പില്‍ ടൂറിസ്റ്റ് ബസുകള്‍ ഉപയോഗിച്ച് അപകടകരമാം വിധം അഭ്യാസം കാണിച്ച സംഭവത്തില്‍ സ്കൂള്‍ അധികൃതര്‍ക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട്.
ബസുകള്‍ സ്കൂള്‍ വളപ്പില്‍ അഭ്യാസം കാണിച്ചത് അധ്യാപകരുടേയും രക്ഷകര്‍ത്താക്കളുടെയും സാന്നിധ്യത്തിലായിരുന്നുവെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ വിലയിരുത്തൽ. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ ഉന്നത് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ക്ക് ഉടന്‍ നല്‍കും.
കഴിഞ്ഞ സംഭവത്തില്‍ വിദ്യഭ്യാസ വകുപ്പ് മന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കാസര്‍കോട് കാഞ്ഞങ്ങാട്ട് സംസ്ഥാന സ്കൂള്‍ കലോത്സവ സ്ഥലത്തുള്ള കൊല്ലം വിദ്യഭ്യാസ ഓഫീസറോട് സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് മന്ത്രിയുടെ നിര്‍ദേശം.
ഇത്തരം സംഭവങ്ങള്‍ സ്കൂളുകളില്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടി വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച കൊട്ടാരക്കര വെണ്ടാര്‍ വിദ്യരാജ സ്കൂളിലും രണ്ടു ദിവസം മുമ്പ് അഞ്ചല്‍ ഈസ്റ്റ് സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലുമാണ് ടൂറിസ്റ്റ് ബസുകള്‍ അഭ്യാസ പ്രകടനം നടത്തിയത്.
കൊട്ടാരക്കരയില്‍ നിന്നും പുറപ്പെട്ട ബസ് കഴിഞ്ഞ ദിവസം മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പിടികൂടുകയും വാഹനത്തിന്റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ് എന്നിവ റദ്ദ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കൂടാതെ ഡ്രൈവറുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതിന് വേണ്ടിയുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്.
അഞ്ചലില്‍ നിന്നും വിനോദ യാത്രപോയ ബസുകള്‍ നാളെ തിരികെ എത്തും. വാഹനങ്ങള്‍ എത്തിയാല്‍ കസ്റ്റഡിയില്‍ എടുത്ത് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പുനലൂര്‍ ജോയിന്റ് ആര്‍ടിഒ സുരേഷ്കുമാര്‍ അറിയിച്ചു.