കൊച്ചി: സംസ്ഥാന സ്കൂള്‍ കലോത്സവങ്ങള്‍ക്ക് എ ഗ്രേഡ് നേടിയ ദളിത് വിദ്യാര്‍ഥികള്‍ക്കുള്ള 10,000 രൂപയുടെ പ്രോത്സാഹന സമ്മാനപദ്ധതി മുടങ്ങിയിട്ട് അഞ്ചു വര്‍ഷം. കലോത്സവങ്ങളില്‍ എ ഗ്രേഡ് നേടുന്ന ദളിത് വിദ്യാര്‍ഥികള്‍ക്ക് പ്രോത്സാഹനമായി പതിനായിരം രൂപയുടെ സമ്മാനപദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കിയത്.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ജില്ല ഓഫീസുകളില്‍ അപേക്ഷ നല്‍കിയാണ് അര്‍ഹരായവര്‍ക്ക് തുക നല്‍കിയിരുന്നത്. എന്നാല്‍ പദ്ധതിയുടെ തുടക്കനാളുകളില്‍ ഇത് കാര്യക്ഷമമായി നടപ്പാക്കിയെങ്കിലും പിന്നീട് നിലച്ചുപോയി. പല ജില്ലകളില്‍നിന്നും പത്തില്‍ താഴേ ദളിത് വിദ്യാര്‍ഥികള്‍ മാത്രമേ ഇതിന് അര്‍ഹരായിട്ട് ഉണ്ടാകാറുള്ളു.
പഠനത്തിനും കലാപ്രവര്‍ത്തനത്തിനും മികവ് തെളിയിച്ച ദളിത് വിദ്യാര്‍ഥികള്‍ക്കുള്ള സ്വര്‍ണ മെഡലും പ്രോത്സാഹന സമ്മാനത്തുകയും നല്‍കുന്നത് പദ്ധതിയും അഞ്ചു വര്‍ഷമായി നിര്‍ത്തിവച്ചിരിക്കുകയാണെന്ന് ഈ മേഖലയിലെ വിദ്യാര്‍ഥികള്‍ പറയുന്നു.
എസ്എസ്എല്ലി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടുന്ന ദളിത് വിദ്യാര്‍ഥികള്‍ക്ക് സ്വര്‍ണമെഡലും പ്രത്സോഹന സമ്മാനത്തുകയും നല്കുന്ന പദ്ധതിയാണ് നിലച്ചത്. തുടക്കത്തില്‍ നാലു ഗ്രാം തൂക്കമുള്ള മെഡലുകളാണ് നല്‍കിയിരുന്നത്. പിന്നീടത് മൂന്നു ഗ്രാം ആക്കി ചുരുക്കിയിരുന്നു.
പട്ടികജാതി വര്‍ഗ വിദ്യാര്‍ഥികളോടുള്ള അവഗണന ഇന്നും തുടരുകയാണെന്ന് പട്ടികജാതി പട്ടികവര്‍ഗ സംയുക്ത സമിതി ഭാരവാഹികള്‍ പറയുന്നു. പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള ലംസം ഗ്രാന്‍ഡായ 6.5 കോടി രൂപ, ഹോസ്റ്റല്‍ ഗ്രാന്‍ഡ് 23.15 കോടി രൂപ, ഫെലോഷിപ്പ് തുകയായ 2.5 കോടി രൂപ, അക്കാദമിക് അലവന്‍സ് 5.5 കോടി രൂപ, വിദ്യാര്‍ഥികള്‍ക്കുള്ള ഹോസ്റ്റല്‍ ഫീസായ 15.24 കോടി രൂപ എന്നിവ ഉള്‍പ്പെടെ 548 കോടി രൂപയാണ് വിവിധ പദ്ധതികളുടെ കുടിശികയായി കിടപ്പുണ്ടെന്ന് സമിതി സംസ്ഥാന കോഡിനേറ്റര്‍ ശ്രീകാര്യം ശ്രീകുമാര്‍ പറഞ്ഞു.
സീമ മോഹന്‍ലാല്‍