ജിജി ലൂക്കോസ്
ന്യൂഡൽഹി: വിദ്യാർഥികളുടെ ഗൃഹപാഠം വെട്ടിക്കുറച്ചും സ്കൂൾ ബാഗിന്റെ കനം കുറച്ചും ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായ സ്കൂൾ ബാഗ് നയരേഖ 2020 കേന്ദ്രസർക്കാർ പുറത്തിറക്കി.
രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കു ഗൃഹപാഠം നൽകരുത്. സ്കൂൾ ബാഗിന്റെ ഭാരം വിദ്യാർഥിയുടെ ഭാരത്തിന്റെ 10 ശതമാനം മാത്രമായിരിക്കണം.
പത്ത് ദിവസമെങ്കിലും സ്കൂൾ ബാഗിന്റെ ഭാരമില്ലാതെ വിദ്യാർഥികൾക്ക് സ്കൂളിലെത്താൻ അവസരമൊരുക്കണമെന്നും വിവിധ സംസ്ഥാനങ്ങൾക്ക് അയച്ചു നൽകിയ നയത്തിൽ നിർദേശിക്കുന്നു.
ജൂലൈയിലാണ് ദേശീയ വിദ്യാഭ്യാസ നയം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയത്.
ഇതു നടപ്പിലാക്കുന്നതിന്റെ ഭാഗമായി എൻസിആർടിസി കരിക്കുലം വിഭാഗം അധ്യക്ഷ രഞ്ജന അറോറയുടെ അധ്യക്ഷതയിൽ രൂപീകരിച്ച ഏഴംഗ സമിതി തയാറാക്കിയ സ്കൂൾ ബാഗ് പോളിസിയാണ് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് അയച്ചത്.
ഈ നിർദേശങ്ങൾ നടപ്പിലാക്കേണ്ടതിനുള്ള മാർഗനിർദേശങ്ങളും നയരേഖയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പാഠ്യേതര വിഷയങ്ങൾക്കൊപ്പം ഫർണിച്ചർ നിർമാണം, ഇലക്ട്രിക്കൽ വർക്ക്, മെറ്റൽ വർക്ക്, പൂന്തോട്ട നിർമാണം, കളിമണ് പാത്ര നിർമാണം തുടങ്ങിയവ ഉൾപ്പെടുത്തണമെന്നും നിർദേശിക്കുന്നു.
പ്രധാന നിർദേശങ്ങൾ ഇങ്ങനെ…
* പ്രീ പ്രൈമറി വിദ്യാർഥികൾക്ക് സ്കൂൾ ബാഗ് വേണ്ട.
* ബാഗിന്റെ ഭാരം ഒന്നു മുതൽ പത്തു വരെയുള്ള വിദ്യാർഥിയുടെ ശരീരഭാരത്തിന്റെ പത്ത് ശതമാനത്തിൽ കൂടരുത്.
* സ്കൂളുകളിൽ ബാഗിന്റെ ഭാരം നിർണയത്തിനു ഡിജിറ്റൽ വെയിംഗ് മെഷിൻ സ്ഥിരം സംവിധാനം വേണം.
* ബാഗുകൾ ഭാരം കുറഞ്ഞതും (ലൈറ്റ് വെയ്റ്റ്) കുറഞ്ഞത് രണ്ട് ഉറകളും വലിപ്പം ക്രമീകരിക്കാവുന്നതും വിദ്യാർഥികളുടെ രണ്ട് ചുമലിലും ശരിയായ രീതിയിൽ ഉറച്ചിരിക്കുന്നതുമായിരിക്കണം. ചക്രങ്ങൾ ഘടിപ്പിച്ചതും വലിച്ചു കൊണ്ടുപോകാവുന്നതും അനുവദിക്കരുത്.
* സ്കൂളുകളിൽ ഗുണനിലവാരമുള്ള ഉച്ചഭക്ഷണം ഉറപ്പാക്കി ഭക്ഷണപ്പൊതികൾ കൊണ്ടുവരുന്നത് ഒഴിവാക്കണം.
* കുപ്പിയിൽ വെള്ളം കൊണ്ടുവരുന്നത് ഒഴിവാക്കാൻ ശുദ്ധമായ കുടിവെള്ളം സ്കൂൾ മാനേജ്മെന്റുകൾ ഉറപ്പുവരുത്തണം.
* പുസ്തകങ്ങളിലും ബുക്കുകളിലും അവയുടെ ഭാരവും വലിപ്പവും രേഖപ്പെടുത്തണം.
* പ്രത്യേക ശ്രദ്ധവേണ്ട കുട്ടികൾക്കും വൈകല്യമുള്ളവർക്കും വേണ്ടി ഒരു കൂട്ടം പുസ്കങ്ങളും ബുക്കുകളും സ്കൂളിൽ (ബുക്ക് ബാങ്കുകളിൽ) സൂക്ഷിക്കാൻ ക്രമീകരണം ഏർപ്പെടുത്തണം.
* ബാഗിന്റെ ഭാരം ക്രമീകരിക്കുന്നതു സംബന്ധിച്ച് സ്കൂൾ അധികൃതർ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി ബോധവത്കരണ പരിപാടി നടത്തണം.
* ദേശീയ കരിക്കുലം ഫ്രെയിംവർക്ക്-2005 ൽ പറയുന്ന മാർഗനിർദേശ പ്രകാരം ടെക്സ്റ്റ് ബുക്കുകൾ നിർബന്ധമായിട്ടുള്ള വിഷയങ്ങളുള്ള ദിവസങ്ങളിൽ ബുക്കുകൾ ആവശ്യമില്ലാത്ത പാഠ്യേതര വിഷയങ്ങൾ ഉൾപ്പെടുത്തി ടൈംടേബിൾ ഉണ്ടാക്കണം. ഹോംവർക്ക് കഠിനജോലിയാക്കരുത്.
* രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ഗൃഹപാഠം നൽകാൻ പാടില്ല. മൂന്ന്, നാല് ക്ലാസുകളിൽ ഉള്ളവർക്ക് ആഴ്ചയിൽ രണ്ടു മണിക്കൂറിൽ കൂടുതൽ ഗൃഹപാഠം നൽകരുത്.
* അഞ്ച്, ആറ് ക്ലാസിലുള്ളവർക്ക് ഗൃഹപാഠം ഒരു ദിവസം ഒരു മണിക്കൂർ മാത്രം. അത് ആഴ്ചയിൽ അഞ്ച്- ആറ് മണിക്കൂറിൽ കൂടാൻ പാടില്ല.
* ഏഴു മുതൽ 12 വരെയുള്ള വിദ്യാർഥികൾക്ക് ദിവസം രണ്ട് മണിക്കൂറും ആഴ്ചയിൽ 10-12 മണിക്കൂറും മാത്രമേ ഗൃഹപാഠം പാടുള്ളു. അധ്യാപകർ ഇക്കാര്യത്തിൽ കൂട്ടായി ആലോചിച്ചു വേണം ഗൃഹപാഠം നൽകാൻ.
* ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസുകളിൽ പാഠപുസ്തകം ആവശ്യമുള്ള വിഷയത്തിൽ രണ്ടു പീരിയഡുകൾ ഒരേ വിഷയത്തിനാക്കി മാറ്റണം. പ്രൈമറി ക്ലാസുകളിൽ ഒരു ദിവസം ഇത്തരത്തിൽ രണ്ടു വിഷയങ്ങൾ മാത്രമേ പാടുള്ളു.
* ഭാരം ക്രമീകരിക്കാവുന്ന വിധത്തിലാണ് ടൈംടേബിൾ തയാറാക്കിയിരിക്കുന്നതെന്ന് അധ്യയന വർഷം ആരംഭിക്കുന്പോൾ തന്നെ സ്കൂൾ മേധാവി ഉറപ്പുവരുത്തണം.
* ഒരു വിഷയത്തിൽ ഒന്നിൽ കൂടുതൽ പാഠപുസ്തകങ്ങൾ ഉണ്ടെങ്കിൽ ഏതാണ് കൊണ്ടുവരേണ്ടതെന്ന് അധ്യാപകർ വ്യക്തമായ നിർദേശം നൽകണം.
* ഒന്ന്, രണ്ട് ക്ലാസുകളിലുള്ളവർക്ക് ഒരു നോട്ട് ബുക്ക് മാത്രമേ പാടുള്ളു. മൂന്ന്, നാല് ക്ലാസുകളിൽ രണ്ട് നോട്ട് ബുക്ക്. ആറ്, ഏഴ് ക്ലാസുകളിൽ പേപ്പറുകളിൽ നോട്ട് എഴുതാൻ അനുവദിക്കുകയും അത് ഫയലാക്കി മാറ്റുകയും വേണം.