കോട്ടയം: കോവിഡ് സുരക്ഷ മുൻനിർത്തി 2020 ജൂണിൽ സ്കൂളുകൾ തുറക്കാനായില്ല. ഏഴു മാസം വൈകി 2021 ജനുവരി നാലിന് 10, 12 ക്ലാസുകൾ നിയന്ത്രിതമായി തുടങ്ങുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ വകുപ്പ് നൽകുന്ന മുൻകരുതൽ നിർദേശങ്ങൾ.
– ആദ്യഘട്ടത്തിൽ ഒരേ സമയം 50 ശതമാനം കുട്ടികൾക്ക് സ്കൂളിലെത്താം.
– ഒരു ബഞ്ചിൽ ഒരു കുട്ടി മാത്രമേ പാടുള്ളു
– 10, 12 ക്ലാസുകളിൽ 300 കുട്ടികളുള്ള സ്കൂളിൽ ഒരേ സമയം 50 ശതമാനം ഹാജരാകാം. കൂടുതലെങ്കിൽ ഒരേ സമയം 25 ശതമാനം കുട്ടികൾക്ക് ഹാജരാകാം.
– ആദ്യ ആഴ്ച രാവിലെ 9 അല്ലെങ്കിൽ 10നു തുടങ്ങി 12നോ ഒരു മണിക്കോ അവസാനിപ്പിക്കാം. ഒന്നിനോ രണ്ടിനോ രണ്ടാം ഘട്ടം തുടങ്ങി നാലിനോ അഞ്ചിനോ അവസാനിപ്പിക്കാം.
– ആകെ കുട്ടികൾ, ലഭ്യമായ ക്ലാസ് മുറികൾ, ഇതര സൗകര്യങ്ങൾ കണക്കിലെടുത്തു വേണം എണ്ണം നിജപ്പെടുത്താൻ
– കുട്ടികൾ തമ്മിൽ രണ്ടു മീറ്റർ അകലം പാലിക്കണം. വേണമെങ്കിൽ മറ്റു ക്ലാസ് മുറികളും പ്രയോജനപ്പെടുത്താം.
– പല ബാച്ചുകൾ വരുന്പോൾ ക്ലാസുകൾ തമ്മിൽ ഇടവേള വേണം
– കോവിഡ് ബാധിതർ (അധ്യാപകരും ജീവനക്കാരും ഉൾപ്പെടെ), രോഗലക്ഷണമുള്ളവർ, ക്വാറന്റൈനിൽ കഴിയുന്നവർ എന്നിവർ നിശ്ചിത ദിവസങ്ങൾക്കുശേഷമേ ഹാജരാകാവൂ. കോവിഡ് പോസിറ്റീവ് രോഗികളുടെ വീട്ടിൽനിന്നുള്ളവർ വരാതിരിക്കുന്നത് ഉത്തമം
– സ്കൂളുകളും പരിസരവും ഫർണിച്ചറും സ്റ്റോറും വാട്ടർടാങ്കും അടുക്കളയും ശുചിമുറിയും ലാബും ലൈബ്രറിയും കിണറും അണുവിമുക്തമാക്കണം
– സ്കൂളിൽ മാസ്ക്, ഡിജിറ്റൽ തെർമോമീറ്റർ, സാനിറ്റൈസർ, സോപ്പ് എന്നിവ സജ്ജീകരിക്കണം
– സ്റ്റാഫ് റൂമിലും ഓഫീസിലും ഇരിപ്പിടങ്ങൾ ഉൾപ്പെടെ അകലം പാലിക്കണം
– കോവിഡ് മുൻകരുതൽ പോസ്റ്ററുകൾ, സ്റ്റിക്കർ, ബോർഡ് എന്നിവ പതിക്കണം
– കുടിവെള്ളം, വാഷ് റൂം എന്നിവിടങ്ങളിൽ അകലം പാലിക്കാൻ അറിയിപ്പ് പതിക്കണം
– സ്കൂൾ വാഹനത്തിലും മറ്റ് വാഹനങ്ങളിലും അകലം പാലിക്കണം. സ്കൂൾ വാഹനത്തിൽ കയറും മുൻപ് തെർമൽ സ്കാനിംഗ് നടത്തണം. വാഹനത്തിലും ക്ലാസിലും മാസ്ക് നിർബന്ധം. ജനാലകൾ തുറന്നിടണം
– ആഴ്ചയിലൊരിക്കൽ പിടിഎയും കുട്ടികളുടെ പ്രതിനിധികളും ആരോഗ്യപ്രവർത്തകരും ചേർന്ന് വിലയിരുത്തൽ നടത്തണം
– രോഗലക്ഷണമുള്ള കുട്ടികൾക്കായി സിക്ക് റൂം ക്രമീകരിക്കണം. സ്കൂളിൽ പ്രാഥമിക സുരക്ഷാ കിറ്റ് നിർബന്ധം.
– പ്രാഥമിക തലത്തിൽ പ്രധാനാധ്യാപകർ ആരോഗ്യപ്രവർത്തകരുമായി ആശയവിനിമയം നടത്തണം. കോപ്പി വിദ്യാഭ്യാസ വകുപ്പിന് ഇമെയിൽ ചെയ്യണം
– രോഗലക്ഷണമുള്ള കുട്ടികളുടെയും മറ്റും വിവരങ്ങൾ ദിവസേന ആരോഗ്യവകുപ്പിന് റിപ്പോർട്ട് ചെയ്യണം
– ക്ലാസ് മുറികളിൽ വായുസഞ്ചാരം വേണം. കൂടുതൽ സ്പർശനമുള്ള വാതിൽപ്പടി, ഡെസ്ക്, ഡസ്റ്റർ തുടങ്ങിയവ രണ്ടു മണിക്കൂർ ഇടവിട്ട് അണുവിമുക്തമാക്കണം
– ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുന്നതും കൈ കഴുകുന്നതും ഒഴിവാക്കണം. കഴിവതും വെള്ളം വീട്ടിൽനിന്നു കൊണ്ടുവന്ന് സ്വന്തമായി ഉപയോഗിക്കുക. ഭക്ഷണം, വെള്ളം, പഠനസാമഗ്രികൾ കൈമാറ്റം ഒഴിവാക്കുക.
– ഭിന്നശേഷിയുള്ള കുട്ടികൾക്ക് പ്രത്യേക കരുതൽ നൽകണം.