സെബി മാത്യു
ന്യൂഡൽഹി: സ്കൂളുകളും കോളജുകളും ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈമാസം 15 മുതൽ തുറന്നു പ്രവർത്തിക്കുന്ന കാര്യത്തിൽ അതത് സംസ്ഥാന സർക്കാരുകൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും തീരുമാനമെടുക്കാമെന്നു കേന്ദ്രം.
എന്നാൽ, ഘട്ടംഘട്ടമായി മാത്രമേ സ്കൂളുകൾ തുറന്നു പ്രവർത്തിക്കാവൂ. അൻപതു ശതമാനം സീറ്റുകളോടെ സിനിമ തിയറ്ററുകൾ തുറന്നു പ്രവർത്തിക്കാനുള്ള അനുമതി ഉൾപ്പടെയുള്ള പുതിയ മാർഗനിർദേശങ്ങൾ ഇന്നലെ കേന്ദ്ര സർക്കാർ പുറത്തിറക്കി.
കോളജുകളും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കുന്നത് സംബന്ധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിന്റെ അഭിപ്രായം ആരായും.
15 മുതൽ ലബോറട്ടറി സംവിധാനം ആവശ്യമുള്ള ശാസ്ത്ര, സാങ്കേതിക രംഗത്തെ ബിരുദാനന്തര വിദ്യാർഥികൾക്കും ഗവേഷണ വിദ്യാർഥികൾക്കും മാത്രമായിരിക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു കൊടുക്കുക. സംസ്ഥാന, സ്വകാര്യ സർവകലാശാലകളും ഇതേ മാതൃക പിൻതുടരണം.
കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ്, കോവിഡ് പ്രതിസന്ധിയിൽ അടച്ചു പൂട്ടിയ സേവന കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിക്കാനുള്ള പുതിയ മാർഗനിർദേശങ്ങൾ ഇറക്കിയത്.
കണ്ടെയിന്റ്മെന്റ് സോണുകൾക്ക് പുറത്ത് അന്താരാഷ്ട്ര വിമാന മാർഗം എത്തിയവർക്ക് സഞ്ചരിക്കാം. അതിവ്യാപന മേഖലകളിൽ 31 വരെ ലോക്ക് ഡൗണ്‍ തുടരും.
കണ്ടെയിന്റ്മെന്റ് സോണുകൾക്ക് പുറത്ത് സംസ്ഥാനങ്ങൾക്ക് യഥേഷ്ടം ലോക്ക് ഡൗണ്‍ ഏർപ്പെടുത്താൻ പറ്റില്ല. അന്തർ സംസ്ഥാന യാത്രകൾക്കും വിലക്കില്ല.
65 വയസിനു മുകളിലുള്ളവരും ഗർഭിണികളും പത്തു വയസിൽ താഴെയുള്ള കുട്ടികളും വീടുകളിൽത്തന്നെ കഴിയണം.