വെള്ളറട: ഒരുവർഷം മുന്‍പ് ആനാവൂര്‍ ഗവ. ഹയര്‍സെക്കൻഡറി സ്കൂളിലെ വാഹനവും കെട്ടിടങ്ങളും കൃഷിത്തോട്ടവും തകര്‍ത്ത കേസിലെ പ്രതിയെ മാരായമുട്ടം പോലീസ് അറസ്റ്റ് ചെയ്തു. ആങ്കോട് പാല്‍ക്കുളങ്ങര ബുദ്ധന് ചേരമന്‍ (20)നെയാണ് ഒളിവില്‍ കഴിയവേ പോലീസ് തന്ത്രപരമായ നീക്കത്തിലൂടെ അറസ്റ്റ്ചെയ്തത്.
മറ്റു പ്രതികളെ സംഭവത്തിനുശേഷം ഒരാഴ്ചക്കുള്ളില്‍ അറസ്റ്റ് ചെയ്തിരുന്നു. പ്രദേശത്തു വന്‍ കലാപം ലക്ഷ്യമാക്കി ആനാവൂര്‍ മുതല്‍ കുന്നത്തുകാല്‍,വണ്ടിത്തടം എന്നിവിടങ്ങളിൽ ബിജെപിയുടെയും സിപിഎമ്മിന്റെയും കൊടിമരങ്ങള്‍ ഒന്നിടവിട്ട സ്ഥലങ്ങളില്‍ സംഘം തകര്‍ത്തിരുന്നു.
ആക്രമണത്തിനുശേഷം രാജ്യത്തിന്റെ പലഭാഗങ്ങളിൽ ഒളിവില്‍കഴിഞ്ഞ ഇയാളെ കഴിഞ്ഞ ദിവസം തന്ത്രപരമായ നീക്കത്തിലൂടെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ആനാവൂര്‍ സ്കൂളിലെ വിദ്യാര്‍ഥിയായിരുന്ന ബുദ്ധനേയും കുട്ടാളികളെയും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതിന് സ്കൂളിൽ നിന്ന് താത്കാലികമായി പുറത്താക്കിയിരുന്നു.
പഠനം പൂർത്തിയാക്കി ബുദ്ധന് സ്കൂള്‍ നശിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.തുടർന്ന് അധ്യായന സമയത്ത് സ്കൂളിലെത്തി ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചതുമൂലം സംഘം തിരികെ പോകുകയായിരുന്നു.
അറസ്റ്റിലായ ബുദ്ധന് മയക്കമരുന്നു കേസിലും പോക്സോ കേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു.മാരായമുട്ടം എസ്ഐ എം. ആര്. മൃദുല്‍ കുമാറിന്റെ നേതൃത്വത്തില്‍ എഎസ്ഐ ഗ്ലിസറ്റന് പ്രകാശ്, സീനിയര്‍ സിവിൽ പോലീസ് ഓഫീസര്‍ സനല്‍കുമാര്‍, സിവിൽ പോലീസ് ഓഫീസര്‍ ക്രിസ്റ്റഫര്‍ ജോസ് എന്നിവരാണ് ഇയാളെ അറസ്റ്റ് ചെയ്തത്.