പത്തനാപുരം : സ്കൂൾ തുറക്കാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ പുതുമകളും വൈവിധ്യമാർന്ന ഉൽപന്നങ്ങളുമായി സ്കൂൾ വിപണി സജീവമാകുന്നു. നോട്ട് ക്ഷാമവും വിലക്കയറ്റവും കാരണം സ്കൂൾ വിപണിയിൽ മേയ് ആദ്യം തന്നെ സാധനങ്ങൾ എത്തിയതായി വ്യാപാരികൾ പറയുന്നു. ഇത്തവണ സ്കൂൾ വിപണിയിലെ താരങ്ങൾ ബാഹുബലിയും പുലിമുരുകനുമാണ്. കാർട്ടൂൺ കഥാപാത്രങ്ങളുടെ ചിത്രങ്ങളുള്ള ഗ്രാഫിക്സ് ബാഗുകൾക്കും ആവശ്യക്കാരുണ്ട്. ബെൻടെൻ, സ്പൈഡർമാൻ, മിക്കിമൗസ്, ബാർബി ഡോൾ തുടങ്ങി കുട്ടികളുടെ ഇഷ്ട കഥാപാത്രങ്ങളെല്ലാം ബാഗുകളിലും കുടകളിലും ടിഫിൻ ബോക്സുകളിലും ഇടം പിടിച്ചിട്ടുണ്ട്.
പതിവു തെറ്റിക്കാതെ ചൈനീസ് ബാഗുകളും കുടകളും സ്കൂൾ വിപണിയിൽ ഇടം നേടി. വില അൽപം കൂടുതലാണെങ്കിലും പുതിയ അധ്യയന വർഷം ആഘോഷമാക്കാനുള്ള തയാറെടുപ്പിലാണ് രക്ഷിതാക്കളും കുട്ടികളും. 400 മുതൽ 1400 രൂപ വരെയാണ് ബാഗുകളുടെ വില. ഹയർ സെക്കണ്ടറി, കോളേജ് കുട്ടികൾക്കായി വ്യത്യസ്തതയാർന്ന ബാഗുകളും വിപണിയിലുണ്ട്.
സ്ക്കൂൾ ബാഗുകളിൽ പുതുമയുണർത്തുന്ന സ്കൂൾ ട്രോളി ബാഗുകളും എത്തിയിട്ടുണ്ട്. 1000 മുതൽ 3000 രൂപ വരെയാണ് വില. സ്കൂൾ വിപണിയുടെ പ്രധാന ആകർഷണമായി വൈവിധ്യമാർന്ന കുടകളും വിപണിയിൽ സജീവമാണ്. പ്രമുഖ കമ്പനികൾക്കൊപ്പം നിരവധി ചെറു കമ്പനികളും ചൈനീസ് കമ്പനികളും കുടവിപണിയിൽ സ്ഥാനമുറപ്പിച്ചിട്ടുണ്ട്.
ചെറിയ കുട്ടികൾക്കുള്ള കുടകളിൽ ആകർഷകമായ നിറങ്ങളും കാർട്ടൂണുകളും തന്നെയാണ് മുഖ്യം. ഇവയ്ക്ക് ഇരുന്നൂറ്റമ്പത് രൂപ മുതലാണ് വില. കുടകൾക്കൊപ്പം തന്നെ മഴക്കോട്ടുകളും വിപണിയിൽ സജീവമാണ്. പെൻസിൽ ബോക്സ്, പൗച്ചസ്, വാട്ടർബോട്ടിൽ, ലഞ്ച്ബോക്സ് എന്നിവയിലും ചൈനീസ് ആധിപത്യം തന്നെ. പണ്ടുകാലത്തെ അപേക്ഷിച്ച് ഒരു വർഷം മാത്രമാണ് ഇവ ഉപയോഗിക്കുന്നതെങ്കിലും വില കുറഞ്ഞവയേക്കാൾ ഗുണനിലവാരം നോക്കിയാണ് രക്ഷിതാക്കൾ സാധനങ്ങൾ തെരഞ്ഞെടുക്കുന്നത്. ബാഗ്, കുട, യൂണിഫോം, ഷൂസ്, മറ്റു പഠനോപകരണങ്ങൾ എന്നിവയുടെ വില ക്രമാതീതമായി വർധിച്ചു.നോട്ട് പ്രതിസന്ധിയ്ക്ക് ശേഷം ഉഷാറാകാത്ത വിപണി ഇത്തവണ ഉണരുമെന്നാണ് കച്ചടക്കാരുടെ പ്രതീക്ഷ.