കോഴിക്കോട്: സാധാരണക്കാരന്റെ കീശകാലിയാക്കി സ്കൂള്‍ വിപണി. എറ്റവും കൂടുതല്‍പേര്‍ വാങ്ങാനെത്തുന്ന സ്കൂള്‍ ബാഗുകള്‍ക്കാണ് വില കുതിച്ചുകയറിയിരിക്കുന്നത്. പലയിടത്തും 599 രൂപമുതലാണ് ബാഗുകളുടെ വിലതുടങ്ങുന്നത്. ഒന്നുമുതല്‍ നാലുവരെ ക്ലാസുകളിലേക്കുള്ള സാധാരണ ബാഗുകളാണെങ്കില്‍ വില അൽപ്പം കുറയും.എന്നാലും 300 രൂപയില്‍ താഴില്ല. ബ്രാന്‍ഡഡ് ബാഗുകള്‍ക്ക് ആയിരം രൂപ മുതലാണ് വില.
ഇതോടൊപ്പം വിലക്കുറവ് എന്നപേരില്‍ വില്‍ക്കുന്ന ബാഗുകള്‍ കാലപ്പഴക്കം ചെന്നതാണ്. ചിലവാകാതെ പൊടിപിടിച്ചുകിടന്ന ബാഗുകള്‍ ഇപ്പോള്‍ തട്ടിയെടുത്താണ് ഓഫര്‍ നല്കി വില്‍ക്കുന്നത്. അതായത് ഒരു സ്കൂള്‍ ബാഗ് വാങ്ങണമെങ്കില്‍ സാധാരണക്കാരന്റെ ഒരു ദിവസത്തെ കൂലി വേണം എന്നര്‍ഥം. ത്രിവേണി, സപ്ലൈകോ തുടങ്ങിയ ഔട്ട്ലെറ്റുകളില് വില അല്‍പ്പം കുറവുണ്ടെങ്കിലും സാധാരണക്കാരെ സംബന്ധിച്ചിടത്തോളം കീശകാലിയാകുന്ന അവസ്ഥയാണ്.
സൂപ്പര്‍മാര്‍ക്കറ്റുകള്‍ വിലയിളവ് എന്ന് പറഞ്ഞ് വലിയ പരസ്യങ്ങള്‍ കൊടുക്കുന്നുണ്ടെങ്കിലും അതറിഞ്ഞ് എത്തുന്ന സാധാരണക്കാരന് പരസ്യങ്ങളില്‍ പറയപ്പെടുന്നവയൊന്നും ലഭ്യമാകുന്നില്ല. സാധാരണയുള്ള വിലയാണ് അവിടെയെത്തുമ്പോള്‍ വില്പ്പനകാരന് പറയുന്നത്. കുട, വാട്ടര്‍ബോട്ടില്‍, പുസ്തകങ്ങള്‍ തുടങ്ങിയ പഠന സാമഗ്രികള്‍ കൂടി വാങ്ങുമ്പോഴേക്കും കീശ കാലിയാകും.
സ്കൂള്‍ വിപണിയില്‍ ഇപ്പോള്‍ തന്നെ തള്ളിക്കയറ്റമാണ്. പ്ലസ് വൺ, ഡിഗ്രി പ്രവേശന നടപടികള്‍ കൂടി ആകുന്നതോടെ തിരക്ക് കൂടും. ഓരോ അധ്യായന വര്‍ഷത്തിലും വില കൂടുന്നുണ്ട് എന്നാല്‍ ഗുണ നിലവാരം പഴയപടിതന്നെ. കഴിഞ്ഞകൊല്ലം ഉപയോഗിച്ച ബാഗ് ഇത്തവണ ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്ന് രക്ഷിതാക്കള്‍ പയുന്നു.
വന്‍കിട കമ്പനികള്‍ക്ക് പുറമേ സ്വന്തമായി തുന്നിയുണ്ടാക്കുന്ന ബാഗുകളും പുതിയ കമ്പനി എന്നപേരില്‍ വിപണിയില്‍ എത്തുന്നു. ബാഗില്‍ മുന്നിട്ട് നില്ക്കുന്ന സ്കൂബിഡേയും, കുടയില്‍ പോപ്പിയും, ജോണ്‍സും നോട്ട് ബുക്കില്‍ ക്ലാസ്മേറ്റ്സും കുട്ടികളുടെ ഇടയില്‍ താരമാണ്.നിലവിലെ സാഹചര്യത്തില്‍ 900-1500 രൂപ വരെയുള്ള ബാഗുകള്‍ ആണ് ഏറെയും വിറ്റുപോകുന്നത്.
കുരുന്നുകളെ ആകര്‍ഷിക്കാന്‍ കമ്പനിക്കാര് നല്കുന്ന പരസ്യങ്ങളും തകൃതിയാണ്. 100 പേജ് നോട്ട് ബുക്കിന് ഇപ്പോള്‍ 15 മുതല്‍ 20 രൂപയാണ് വില. കടകളില്‍ മാത്രമല്ല വില്‍പ്പന നടത്തുന്നത്. വീടുകള്‍ തോറും കയറിയിറങ്ങിയും വില്‍പ്പന നടക്കുന്നുണ്ട്.
അതിനായി ഇതര സംസ്ഥാന തൊഴിലാളികളും രംഗത്തുണ്ട്. ജില്ലയിലെ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളും മിഠായിത്തെരുവിലും കച്ചവടം തിരക്കിലാണ്.