ബിജോ ടോമി
കൊച്ചി: ജില്ലയിൽ പ്രളയം ബാധിച്ച സ്കൂളുകളിൽ ബലക്ഷയ പരിശോധന പൂർത്തിയായി. 117 സ്കൂളുകളാണ് വെള്ളത്തിൽ മുങ്ങിയത്. ഇതിൽ 80 സ്കൂളുകളെ പ്രളയം രൂക്ഷമായി ബാധിച്ചിരുന്നു. ക്ലാസുകൾ തുടങ്ങാൻ കഴിയാത്ത വിധത്തിൽ ഒരു സ്കൂളിലും പ്രശ്നങ്ങൾ ഇല്ലെന്ന് പരിശോധനയിൽ വ്യക്തമായതായി ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സി.എ. സന്തോഷ്കുമാർ രാഷ്ട്രദീപികയോട് പറഞ്ഞു.
തദ്ദേശ സ്ഥാപനങ്ങളിലെ എൻജിനിയർമാരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. തുടർച്ചയായ ദിവസങ്ങളിൽ വെള്ളം കെട്ടി നിന്നതിനെതുടർന്ന് ഭിത്തികൾക്ക് ബലക്ഷയം സംഭവിച്ചിട്ടുണ്ടോ എന്നാണ് പ്രധാനമായും പരിശോധിച്ചത്. എന്നാൽ അത്തരം പ്രശ്നങ്ങൾ ഒരിടത്തും കണ്ടെത്താൻ കഴിഞ്ഞില്ല. കുടിവെള്ള സൗകര്യം ലഭ്യമാണോ, ശുചിമുറികൾ ഉപയോഗയോഗ്യമാണോ എന്നതടക്കമുള്ള കാര്യങ്ങളും പരിശോധിച്ചു.
കുടിവെള്ള വിതരണം പുനസ്ഥാപിക്കാൻ കഴിയാത്ത ഇടങ്ങളിൽ ഇതിനുള്ള ബദൽമാർഗങ്ങൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. പരിശോധനയുടെ റിപ്പോർട്ട് പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് ഇന്നു സമർപ്പിക്കും. അതേസമയം നാളെ തന്നെ ക്ലാസുകൾ പുനരാരംഭിക്കാൻ കഴിയുമോയെന്ന സംശയം സ്കൂൾ അധികൃതർ ഉന്നയിക്കുന്നുണ്ട്.
പല സ്കൂളുകളിൽ നിന്നും ചെളി പൂർണമായും നീക്കം ചെയ്യാൻ കഴിഞ്ഞിട്ടില്ല. ജില്ലയിൽ പ്രളയം രൂക്ഷമായി ബാധിച്ച ആലുവ, പറവൂർ മേഖലകളിലാണ് കൂടുതൽ സ്കൂളുകളും പ്രളയത്തിൽ മുങ്ങിയത്. വെള്ളം കയറി ഇലക്ട്രോണിക് ഉപകരണങ്ങളും പ്രധാന രേഖകളുമടക്കം നശിച്ചിരുന്നു.
വിദ്യാർഥികളുടെ സർട്ടിഫിക്കറ്റുകളും വെള്ളത്തിൽ മുങ്ങി. പകുതിയോളം സ്കൂളുകളിൽ നിന്ന് രേഖകൾ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയിരുന്നു. എന്നാൽ മാറ്റാൻ കഴിയാതിരുന്ന സ്ഥാപനങ്ങളിൽ വലിയ നഷ്ടമാണ് സംഭവിച്ചത്. വെള്ളം കയറി നശിച്ചവയിൽ കേടുപാട് പറ്റാത്ത രേഖകൾ ഉണക്കി വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.
ക്ലാസുകൾ തുടങ്ങുന്ന നാളെ തന്നെ പുസ്തകവും യൂണിഫോമും നഷ്ടപ്പെട്ട വിദ്യാർഥികളുടെ കണക്കെടുക്കുമെന്നും ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. നാളെ മുതൽ ക്ലാസുകൾ ആരംഭിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ ദുരിതാശ്വാസ ക്യാന്പുകൾ പ്രവർത്തിച്ചിരുന്ന മുഴുവൻ സ്കൂളുകളും ഒഴിഞ്ഞുനൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സ്കൂളുകളിൽ പ്രവർത്തിച്ചിരുന്ന ക്യാന്പുകളിൽ ഉണ്ടായിരുന്നവരെ തദ്ദേശസ്ഥാപനങ്ങളുടെ കീഴിലുള്ള ക്യാന്പിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്.
140 സ്കൂളുകളാണ് ക്യാന്പുകളായി പ്രവർത്തിച്ചത്. ഇവയിൽ ഭൂരിഭാഗവും അടച്ചു. ബാക്കിയുള്ള ഏതാനും ക്യാന്പുകൾ കൂടി ഇന്ന് പ്രവർത്തനം അവസാനിപ്പിച്ച് ഇവിടെയുള്ളവരെ തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലേക്ക് മാറ്റും. ക്യാന്പുകൾ പ്രവർത്തിച്ചിരുന്ന സ്കൂളുകൾ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ശുചീകരിച്ച് ഹെൽത്ത് ഇൻസ്പെക്ടർ സാക്ഷ്യപ്പെടുത്തിയ സാനിറ്റേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കിയ ശേഷമാകും ഇവിടെ ക്ലാസുകൾ ആരംഭിക്കുക.
ഏതെങ്കിലും സാഹചര്യത്തിൽ സ്കൂളുകളിൽ നിന്ന് ക്യാന്പുകൾ മാറ്റാൻ കഴിഞ്ഞില്ലെങ്കിൽ അത്തരം സ്കൂളുകൾക്ക് അവധി നൽകുമെന്ന് സി.എ. സന്തോഷ്കുമാർ പറഞ്ഞു. വെള്ളം കയറിയതിനെ തുടർന്ന് അധ്യാപകരും ജീവനക്കാരും അടക്കമുള്ളവർക്കും ക്യാന്പുകളിൽ അഭയം തേടേണ്ടതായി വന്നിട്ടുണ്ട്. എന്നാൽ ക്ലാസുകളെ ബാധിക്കുന്ന തരത്തിൽ പ്രശ്നങ്ങളില്ലെന്നും അധികൃതർ വ്യക്തമാക്കി.